കോടതികയറി വീണ്ടും ശബരി വിമാനത്താവളം, പറന്നുയർന്ന പ്രതീക്ഷ; സ്ഥലമെടുപ്പിൽ കുരുങ്ങി

Saturday 07 June 2025 1:53 AM IST

കോട്ടയം : പ്രതീക്ഷയുടെ ചിറകിലേറി കുതിച്ച ശബരി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ് സ്ഥലമെടുപ്പിന്റെ പേരിൽ വീണ്ടും കോടതി കയറിയതോടെ നിശ്ചലമായി. സംസ്ഥാന സർക്കാർ ഭരണാനുമതിക്ക് പുറമെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനിരിക്കുകയായിരുന്നു. വ്യക്തികളിൽ നിന്നുൾപ്പെടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ റീ സർവേ നടപടികൾക്കായി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് തുറക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ചെറുവള്ളി എസ്റ്റേറ്റ് അധികൃതർ ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്‌ത് ഹൈക്കോടതിയിലെത്തിയതും, തടഞ്ഞതും. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിവരം ഗസറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. കൃഷി ഭൂമി, തരിശിടം, വീട്,​ മരങ്ങൾ തുടങ്ങിയവയുടെ വില ഇനംതിരിച്ച് നിശ്ചയിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പമെന്റ് കോർപ്പറേഷനായി സ്റ്റുപ്പ് എന്ന ഏജൻസിയാണ് വിശദ പദ്ധതി രേഖ തയ്യാറാക്കുന്നത്. ഡി.പി.ആർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി അംഗീകാരവും നേടണം.

ഏറ്റെടുക്കേണ്ടത് 2570 ഏക്കർ

ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കേണ്ടത്. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയും ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾ അന്തിമ കോടതിവിധി വരെ കാക്കണം. എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസവും നഷ്ടപരിഹാരവും പ്രത്യേക പാക്കേജായിരിക്കും.

യാഥാർത്ഥ്യമായാൽ നേട്ടങ്ങൾ നിരവധി

ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല

ദേശീയ -സംസ്ഥാന പാതകൾ സമീപത്തുകൂടി കടന്നുപോകുന്നു

ശബരിമലയിലേക്ക് 48 കിലോമീറ്റർ ദൂരമെന്നതും അനുകൂലം

പദ്ധതി ചെലവ് : 3450 കോടി

റൺവേ : 3.50 കിലോമീറ്റർ

നിർമ്മാണ ഘട്ടത്തിൽ 8000 പേർക്ക് തൊഴിൽ