വിത്തൂണ് പദ്ധതിയ്‌ക്ക് തുടക്കം
കോട്ടയം : വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള വിത്തൂണ് പദ്ധതിയ്ക്ക് കോട്ടയം ഉള്ളായം എൽ.പി.സ്‌കൂളിൽ തുടക്കം. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി വനവിസ്തൃതി വർദ്ധനവിന് ഊന്നൽ നൽകുകയാണ് ലക്ഷ്യം. സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി പ്രവർത്തകനായ കെ.ബിനു ആണ് നേതൃത്വം നൽകുന്നത്. ചക്കക്കുരു, കപ്പലണ്ടി, ആഞ്ഞിലിക്കുരു, ഞാവൽക്കുരു തുടങ്ങിയവ വിത്തുണ്ടകളാക്കി മാറ്റും. തെള്ളിയെടുത്ത മണ്ണും പച്ച ചാണകവും വെള്ളവും ചേർത്ത മിശ്രിതമാക്കും. ഇവയ്ക്കുള്ളിൽ വിത്തുകൾ ഉൾപ്പെടുത്തി ചെറി ബോളുകളാക്കി ഉരുട്ടിയെടുക്കും. ഇവ വെയിലേൽക്കാതെ ഉണക്കിയെടുക്കും. സ്‌കൂളുകളിൽ നിന്ന് ഇവ ശേഖരിച്ച് വനംവകുപ്പിന് കൈമാറും. തുടർന്ന് വനത്തിൽ പലയിടങ്ങളിലായി നിക്ഷേപിക്കും.
700 വിത്ത് ബാളുകൾ പദ്ധതിയുടെ ആദ്യഭാഗമായി ഉള്ളായം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് 700 വിത്ത് ബാളുകൾ നിർമ്മിച്ചു. 11ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ഇവ വനംവകുപ്പിന് കൈമാറും.
ഉള്ളായം മാതൃക മറ്റ് ജില്ലകളിലേക്കും, സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
(കെ.ബിനു,പരിസ്ഥിതി പ്രവർത്തകൻ)