നാട്ടിലെ താരമായി ഞാവൽപ്പഴം

Saturday 07 June 2025 1:20 AM IST

വെഞ്ഞാറമൂട്: വിലകേട്ടാൽ ഒന്ന് ഞെട്ടും, കിലോ 300 രൂപ. പക്ഷേ ഭംഗികണ്ടാൽ വാങ്ങിപ്പോകും. വേറൊന്നുമല്ല, നാട്ടിലെ സുന്ദരിയായ ഞാവൽപ്പഴത്തെപ്പറ്റിയാണ് പറയുന്നത്. സീസൺ മാറുന്നതനുസരിച്ച് പാതയോരത്തെ വില്പന വസ്തുവും മാറും. ഇപ്പോൾ പാതയോരം മുഴുവൻ ഈ ഞാവൽപ്പഴമാണ്. ആദ്യകാഴ്ചയിൽത്തന്നെ വായിൽവെള്ളമൂറിക്കുന്ന കുഞ്ഞൻ. നാട്ടിൻപുറങ്ങളിലെല്ലാം സമൃദ്ധമായിരുന്ന പഴവർഗമായിരുന്നെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നില്ല. നിലവിൽ നാട്ടിലെ മരങ്ങൾ മുറിച്ചുമാറ്റുകയാണ്. അല്ലെങ്കിൽ ഞാവൽപ്പഴങ്ങൾ ആരും ശേഖരിക്കാറുമില്ല. നിലവിൽ തമിഴ്നാട് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഞാവൽപഴങ്ങളാണ് ഇന്ന് പാതയോരത്ത് വില്പനയ്ക്ക് നിരത്തിയിരിക്കുന്നത്. നിപ്പയുടെ വരവോടെ നാട്ടിലെ ഞാവൽപ്പഴങ്ങൾക്കെല്ലാം മരച്ചുവട്ടിൽത്തന്നെ അടർന്നുവീണ് നശിക്കാനാണ് യോഗം.

ഔഷധഗുണവും

അന്നജവും ജീവകവും പ്രോട്ടീനും കാത്സ്യവുമെല്ലാം അടങ്ങിയിരിക്കുന്ന ഞാവൽ ഔഷധഗുണം ഏറെയുള്ള പഴവർഗമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഞാവൽപ്പഴത്തിന് കഴിയും. ഞാവലിന്റെ ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. അതിനാൽ ആയുർവേദ വൈദ്യന്മാർ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.