ജില്ലയിൽ ഭൂരിഭാഗവും അനധികൃതം.... അറവുശാലകൾ കണ്ടാൽ അറയ്ക്കും

Saturday 07 June 2025 1:12 AM IST

കോട്ടയം : ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവർ‌ ഒന്നോർക്കുക ജില്ലയിൽ ലൈസൻസുള്ള അറവുശാലകൾ വിരലിൽ എണ്ണാവുന്നത് മാത്രം. നൂറോളം അറവുശാലകളും ഞായറാഴ്ചകളിൽ അതിന്റെ ഇരട്ടിയും തുറക്കുന്നുണ്ട്. മോശം ഇറച്ചി തീൻമേശകളിൽ എത്തുന്നെന്ന പരാതിയും വ്യാപകമാണ്. നല്ല ഇറച്ചി ലഭ്യമാക്കാനാണ് ലൈസൻസ് നിർബന്ധമാക്കിയത്. എന്നാൽ വഴിയരികിൽ മാടിനെ അറുത്ത് താത്കാലിക സ്റ്റാളുകളുണ്ടാക്കിയാണ് വില്പന. ഭൂരിഭാഗം ഇടങ്ങളിലും വൃത്തി ഏഴയലത്തില്ല. മാലിന്യ സംസ്‌കരണത്തിന് മാർഗമില്ല. അറവുമാടുകളെ വെറ്ററിനറി സർജൻ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നത് ചട്ടത്തിൽ മാത്രമൊതുങ്ങി. മാംസം തൂക്കിയിട്ട് പ്രദർശിപ്പിക്കുന്നതും തുടരുകയാണ്. അറവുശാലയുടെ പിന്നിലെ തുറസായ സ്ഥലത്ത് മാടുകളെ അറത്തും തലയ്ക്കടിച്ചും കൊല്ലുന്നത് കാണാം. രോഗം ബാധിച്ചതോ ചത്തതോ ആയ മാടുകളുടെ ഇറച്ചി വിൽക്കാൻ കഴിയില്ലെങ്കിലും ഇതെല്ലാം ലംഘിക്കുകയാണ്.

ആധുനിക അറവുശാല അടഞ്ഞുതന്നെ കോടികൾ മുടക്കി നിർമ്മിച്ചിട്ടും കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല അടഞ്ഞുകിടക്കുയാണ്. ഹൈക്കോടതി ഇടപെട്ടിട്ടും രക്ഷയില്ല. അത്യാധുനിക യന്ത്രങ്ങളടക്കം തുരുമ്പെടുക്കാൻ തുടങ്ങി. തറയോടുകൾ പൊളിഞ്ഞും കെട്ടിടത്തിലെ സ്റ്റെപ്പുകൾ അടർന്നു മാറിയ നിലയിലുമാണ്. പച്ചക്കറിച്ചന്തയ്ക്ക് സമീപം 30 സെന്റ് സ്ഥലത്ത് നഗരസഭയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞയുടൻ ഉടൻ പൂട്ടുവീണു.

നഗരത്തിൽ പ്രതിദിനം വിൽക്കുന്നത് : 3000 കിലോ ബീഫ്

നല്ല ഇറച്ചി കഴിക്കാൻ യോഗമില്ല

 ബേക്കറി ഉത്പന്നങ്ങളിലടക്കം സുനാമി ഇറച്ചി

ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കശാപ്പ്

 രോഗം വന്ന മാടുകളുടെ ഇറച്ചി വില്പന

അറവുശാല മാലിന്യങ്ങൾ ഓടകളിലേക്ക്

പരിശോധന നടത്താതെ അധികൃതർ

'' അറവ് ശാലയിലെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ കൂറ്റൻ ടാങ്കുണ്ട്. ആധുനിക അറവുശാല തുറക്കാത്തത് മോശം ഇറച്ചി വിപണിയിൽ എത്താൻ കാരണമാകും. അധികൃതർ അനാസ്ഥ വെടിഞ്ഞ് നടപടികൾ വേഗത്തിലാക്കണം.

പ്രദേശവാസികൾ