തീർത്ഥാടകർക്ക് അന്നദാനവും വിശ്രമകേന്ദ്രവും ഒരുക്കും
കൃത്തുപറമ്പ്:കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടകർക്ക് സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ ജൂൺ 8 മുതൽ 30 വരെ അന്നദാനവും വിശ്രമസൗകര്യവും ഒരുക്കും. നാളെ രാവിലെ പത്തരക്ക് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജ് കെ.പി.ജ്യോതീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ കൊളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആർ.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് കെ.പ്രമോദ് സേവാ സന്ദേശം നൽകും. സേവാഭാരതി കണ്ണൂർ ജില്ലാ സെക്രട്ടറി ടി പി രാജീവൻ ചടങ്ങിൽ സംബന്ധിക്കും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും നൽകും. തൊക്കിലങ്ങാടി കൊട്ടിയൂർ റോഡിലെ സത്കർമ്മ ഹാളിലായിരിക്കും അന്നദാനം. വാർത്താസമ്മേളനത്തിൽ സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡന്റ് സി ഗംഗാധരൻ , സെക്രട്ടറി ടി.ഷജിത്ത്, ട്രഷറർ കെ. സനീഷ്, വൈസ് പ്രസിഡന്റ് എ.കെ.ബിജുല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.