മലയോരം ഡെങ്കിപ്പനി ഭീഷണിയിൽ
കേളകം: മലയോര മേഖലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. മേയ് മാസം മാത്രം 176 പേരാണ് ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സ തേടിയത്.സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 18 പേരാണ് ഈ മാസം ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്.
കേളകം പഞ്ചായത്തിൽ 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചു. കണിച്ചാറിൽ ഈ മാസം ഡെങ്കിപ്പനി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേളകത്ത് നിലവിൽ ഏഴ് പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കണിച്ചാർ പഞ്ചായത്തിൽ മേയിൽ 30 പേരും കേളകത്ത് 91 പേരുമാണ് മേയിൽ രോഗം ബാധിച്ച് ചികിത്സ തേടിയത്.പാറത്തോട്, വെണ്ടേക്കുംചാൽ, ഇല്ലിമുക്ക്, കുണ്ടേരി, വളയംചാൽ, തുള്ളൽ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ. ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം അനുസരിച്ച് മാർച്ച് മുതൽ മേയ് വരെ 129 പേർക്കാണ് കേളകം പഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.കൊട്ടിയൂർ പഞ്ചായത്തിൽ മേയിൽ 55 പേർ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ നാലാം വാർഡിൽ ജനുവരി മുതൽ മേയ് വരെ 75 പേർ ചികിത്സ തേടി.
ഡെങ്കിപ്പനി മലയോരത്ത്
(കൊട്ടിയൂർ, കേളകം, കണിച്ചാർ)
മേയ് - 176
കണിച്ചാർ 30
കേളകം 91
കൊട്ടിയൂർ 55
ജൂൺ - 17
കേളകം 11
കൊട്ടിയൂർ 7
പ്രതിരോധം ഊർജ്ജിതം
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് കൊതുകിന്റെ ഉറവിട നശീകരണവും ഫോഗിംഗും ബോധവത്കരണവും നടക്കുന്നുണ്ട്. കേളകം പഞ്ചായത്തിൽ രോഗം ബാധിച്ചവരുടെ വീടുകളിൽ ഇൻഡോർ സ്പേസ് സ്പ്രേയിംഗും നടത്തുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മഴ കുറഞ്ഞ് വെയിൽ തെളിഞ്ഞതോടെ വീണ്ടും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. രോഗബാധിതർ ഏറെയുള്ള മേഖലകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവെക്കുന്നു.