നാല് ആര്‍സിബി പ്രതിനിധികള്‍ റിമാന്‍ഡില്‍; അറസ്റ്റ് സിദ്ധരാമയ്യയുടെ നിര്‍ദേശത്തിന് പിന്നാലെ

Friday 06 June 2025 9:28 PM IST

ബംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐ.പി.എല്‍ ആഘോഷം ദുരന്തമാറിയ സംഭവത്തില്‍ അറസ്റ്റിലായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ ഭാരവാഹികളായ നാലുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്‍.സി.ബിയി മാര്‍ക്കറ്റിംഗ് തലവനായ നിഖില്‍ സൊസാലെയും അറസ്റ്റിലായിട്ടുണ്ട്. മുംബയ്യിലേക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെയാണ് ഇയാള്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായത്. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി.എന്‍.എ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനില്‍ മാത്യു, കിരണ്‍, സുമന്ത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 14 ദിവസത്തേക്കാണ് ഇവരെ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്ക് കര്‍ണാടക ഹൈക്കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി.കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ആര്‍.സി.ബി ടീമിനും ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും എതിരെ കേസെടുക്കാന്‍ തീരുമാനമായിരുന്നു. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രഘു റാം ഭട്ട് ഉള്‍പ്പടെയുള്ളവര്‍ തങ്ങള്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 16ന് കേസ് വീണ്ടും പരിഗണിക്കും.

വിരാടിനെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍മീഡിയ

അതേസമയം ചിന്നസ്വാമി ദുരന്തത്തില്‍ ആര്‍.സി.ബിയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളില്‍ ആവശ്യമുയരുന്നു. കൊഹ്ലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സില്‍ #ArrestKohli എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി. കഴിഞ്ഞ ദിവസം വിരാടും ഭാര്യ അനുഷ്‌കയും ബംഗളുരു എയര്‍പോര്‍ട്ടില്‍ നിന്ന് മുംബയ്യിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ക്കൊപ്പമാണ് വിരാട് ലണ്ടനിലേക്ക് പോകുന്നുവെന്ന് പ്രചരണമുണ്ടായത്. വിരാടിന് ലണ്ടനിലേക്ക് പോകാനാണ് പെട്ടെന്നുതന്നെ വിജയാഘോഷം സംഘടിപ്പിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.