മോഷണക്കേസ് പ്രതി അറസ്റ്റിൽ
Saturday 07 June 2025 1:06 AM IST
കടയ്ക്കാവൂർ: മോഷണക്കേസ് പ്രതിയെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ വില്ലേജിൽ പെരുംകുളം ദേശത്ത് മലവിള പൊയ്ക വീട്ടിൽ അൽഅമീനെ (18)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വക്കം ഓട്ടോസ്റ്റാൻഡിന് സമീപം പുതുവിൽ തൊടി ശാസ്താക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ കാണിക്കപ്പെട്ടി കുത്തിപ്പൊളിക്കുകയും തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന യു.എസ്.ബിയും അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസയും മോഷ്ടിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ നിന്ന് 10000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 3നായിരുന്നു കേസിനാസ്പദമായ സംഭവം. വക്കത്തുള്ള മറ്റൊരു ക്ഷേത്രത്തിലും ഇതേദിവസം പ്രതി മോഷണം നടത്തിയിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത പ്രതിയിൽ നിന്ന് നാണയങ്ങളും താക്കോൽ കൂട്ടങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.