കണ്ണൂരിലേക്ക് ചരക്കിറക്കാൻ ചുറ്റണം 120 കി.മി

Friday 06 June 2025 9:47 PM IST

കണ്ണൂർ: മഴക്കാലത്ത് ജില്ലയിലേക്കുള്ള ചരക്ക് ഗതാഗതം നേരിടുന്നത് വൻ തിരിച്ചടി. ജില്ലയിൽ നിന്ന് കർണ്ണാടകയിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന പ്രധാനപാതയായ മാക്കൂട്ടം ചുരം ഉൾപ്പെടെയുള്ള കർണ്ണാടകയിലെ കുടക് ജില്ലയിലെ റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ചരക്ക് ഗതാഗതത്തിന് വിനയായിരിക്കുന്നത്.

മഴക്കാല മുന്നൊരുക്കം എന്ന നിലയിലാണ് വ്യാഴാഴ്ച മുതൽ ജൂലായ് അഞ്ചു വരെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതെ തുടർന്ന് ജില്ലയിലേക്ക് പ്രവേശിക്കേണ്ട ചരക്ക് വാഹനങ്ങൾ 120 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടി വരും. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണ് നിരോധനം.മണ്ണിടിച്ചലടക്കമുള്ള പാതയിലെ അപകടസാദ്ധ്യതകൾ മുന്നിൽ കണ്ടാണ് തീരുമാനമെന്ന് കുടക് ജില്ല കളക്ടറായ മടിക്കേരി ‌ഡെപ്യൂട്ടി കമ്മീഷൻ വെങ്കിട്ടരാജന്റെ ഉത്തരവിൽ പറയുന്നു.

നിയന്ത്രണം പൂ‌ർത്തിയാകുന്നവരെ മൈസൂർ ഊട്ടി ഗുണ്ടൽ പേട്ട് വഴിയോ മംഗലാപുരം വഴിയോ വേണം കേരളത്തിലെത്താൻ. ഇത്രയും കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ സമയ നഷ്ടവും ഇന്ധനനഷ്ടവും സംബന്ധിച്ച് വലിയ ആശങ്കയിലാണ് വാഹന ഉടമകൾ. ഇതിന് പുറമെ ഈ പാതകളെല്ലാം മാക്കൂട്ടം ചുരം പാതയെ അപേക്ഷിച്ച് തിരക്കേറിയതാണ്. കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ചിലവ് ചരക്കുകളുടെയും ആവശ്യ വസ്തുക്കളുടെയും വിലകൂടുന്നതിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ബസുകൾ തടയില്ല

പൊതു ഗതാഗത സംവിധാനങ്ങൾ ,ബസ്, സ്കൂൾ ബസുകൾ, ചെറിയ ചരക്ക് വാഹനങ്ങൾ, പാചകവാതക വാഹനങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. തടി, മണൽ, ടാങ്കറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ, എന്നിവയ്കാണ് നിയന്ത്രണം ബാധകം. ഇതെ വാഹനങ്ങൾ 18.5 ടണ്ണിൽ കുറവ് ഭാരമുള്ളവയായാലും ഈ റോഡുകളിലൂടെ കടത്തി വിടില്ല.

ചരക്ക് നീക്കത്തിൽ പ്രധാന പാത

അതിർത്തി കടന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവധങ്ങളായ ചരക്കുകൾ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം പാത. അരിയും പച്ചക്കറികളും മുളകും കേരളത്തിലേക്ക് എത്തുന്നത് കർണ്ണാടകയിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നുമൊക്കെയായാണ്. കുടകിലൂടെ തലശ്ശേരി-മൈസൂർ സംസ്ഥാന പാതയിലുടെ കടന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുന്നത്.

ഒരുമാസത്തേക്കാണ് നിയന്ത്രണം. ഇത് ലംഘിക്കുന്ന വാഹന ഉടമസ്ഥർക്കെതിരെ ദുരന്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതായിരിക്കും. വെങ്കിട്ട രാജ ഐ.എ.എസ് കൊടക് ജില്ല കളക്ടർ