കുടുംബശ്രീയുടെ ആറളം പ്രത്യേക പദ്ധതി സംരംഭം മഴയെ വരവേൽക്കാം ,ആദി കുടയോടൊപ്പം
കണ്ണൂർ : ആറളം പുനരധിവാസമേഖലയിൽ കുടുംബശ്രീയുടെ പ്രത്യേകപദ്ധതിയ്ക്ക് കീഴിൽ അഞ്ചുവർഷം മുമ്പ് തുടങ്ങിയ കുടുംബശ്രീ ബ്രാൻഡഡ് ആദി കുടകൾ വിപണി കീഴടക്കുന്നു. ജില്ലയിൽ മികച്ച ബ്രാൻഡായി 40 ആദിവാസി സ്ത്രീകൾ നിർമ്മിക്കുന്ന കുട ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെയും ആറളം പ്രത്യേക പദ്ധതി പ്രവർത്തകരുടെയും സഹായത്തോടെയാണ് ജില്ലയിൽ വിപണനം നടത്തുന്നത്. മൂന്ന് , അഞ്ചു മടക്കുകൾ, പ്രിന്റഡ് കുടകൾ, കളർ കുടകൾ എന്നിങ്ങനെ വലിയ വൈവിദ്ധ്യവും ആറളം ബ്രാൻഡ് കുടകൾക്കുണ്ട്. നിലവിൽ കുടുംബശ്രീ സി .ഡി .എസുകൾ കേന്ദ്രീകരിച്ചാണ് വില്പന.ഇത് വിപുലീകരിച്ച് സംസ്ഥാനത്ത് ആകെ വില്പന നടത്താനുള്ള ഒരുക്കത്തിലാണ് ആദി കുട സംരംഭകർ. മൊത്തമായുള്ള ഓർഡറും ഇവർ സ്വീകരിക്കുന്നുണ്ട്. ആറളം പുനരധിവാസ മേഖലയിലെ കമ്മ്യൂണിറ്റി ഹാളുകളിലും വീടുകളിലും അങ്കണവാടി കെട്ടിടങ്ങളിലും ഇരുന്നാണ് ഇവർ കുടകൾ നിർമ്മിക്കുന്നത്.ഈ വർഷം ഇതുവരെയായി 10000 കുടകൾ ആണ് ഇവർ നിർമ്മിച്ചത്. കൂടുതൽ കുടകൾ വരുന്ന ആഴ്ചകളിൽ വിപണയിലെത്തും.
കറുത്ത കുട 410
കളർ കുട -420
കളർ പ്രിന്റ് 440
കുട്ടികളുടെ കുട 315
പത്താംക്ളാസിലെ പാഠം
ഇത്തവണ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലും ആദി കുടകളെക്കുറിച്ച് പഠിക്കാനുണ്ട് .ഇന്ത്യയിലെ തന്നെ തദ്ദേശീയ മേഖലയിൽ നിന്നും ഉയർന്നു വന്ന ആദ്യ കുട നിർമ്മാണ സംരംഭം എന്ന രീതിയിലാണ് ഇവയെ പരിചയപ്പെടുത്തുന്നത്.
ആറളത്ത് വിപുലമായ പദ്ധതികൾ
ആറളം പുനരധിവാസ മേഖലയിലെ തദ്ധേശീയ ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീ ജില്ലാ മിഷന്റെയും ആറളം സ്പെഷ്യൽ പ്രൊജക്റ്റിന്റെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ആണ് സംരംഭക മേഘല, വിദ്യാഭ്യാസം, കാർഷിക മേഘല, സ്വയം തൊഴിൽ മേഖലകളിൽ നടത്തി വരുന്നത്.നിലവിൽ ബ്രിഡ്ജ് കോഴ്സ് ട്യൂഷൻ സെന്ററുകളും, സ്വയം തൊഴിൽ പരിശീലനങ്ങളും, കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്തിനായി പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി വരുന്നു. ആറളം മേഖലയിൽ ഒരു വീട്ടിൽ ഒരു സംരംഭം എന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പിലാണ് കുടുംബശ്രീ.