അമ്മത്തൊട്ടിലിൽ അതിഥിയെത്തി

Saturday 07 June 2025 2:11 AM IST

ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച എട്ടുദിവസം പ്രായം തോന്നിക്കുന്ന ആൺകുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിയെ ലഭിച്ചത്. കുട്ടിക്ക് തണൽ എന്ന് പേര് നൽകിയതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു. ജില്ലയിൽ അമ്മത്തൊട്ടിലിൽ നിന്ന് ആദ്യമായാണ് ആൺകുട്ടിയെ ലഭിക്കുന്നത്. കുട്ടി വനിത-ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിയുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ആലപ്പുഴ അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. ജനുവരിയിലും മേയിലുമായി രണ്ടു പെൺകുട്ടികളെ ലഭിച്ചിരുന്നു.