മീനോട് മുഖംതിരിച്ചു, കോഴി വില കുതിച്ചു
ആലപ്പുഴ : കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ, മത്സ്യംവാങ്ങാൻ ഉപഭോക്താക്കൾ കാട്ടുന്ന വിമുഖത മുതലെടുത്ത് ഇറച്ചിക്കോഴി വില കുത്തനെ കൂടി. ഒരാഴ്ചയ്ക്കിടെ 10-15 രൂപ വരെയാണ് വർദ്ധിച്ചത്. കഴിഞ്ഞാഴ്ച 130-135 രൂപ വരെ വിലയുണ്ടായിരുന്ന ചിക്കനിപ്പോൾ 145 രൂപയാണ് വില. ഫാം റേറ്റ് 125 രൂപയാണ്. ഇറച്ചിക്ക് 220-240 രൂപ വരെയാണ് വില (പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരും).
സ്റ്റോക്ക് തീരുന്നതിനാൽ പല ദിവസങ്ങളിലും ഉച്ചയോടെ കടകൾ അടയ്ക്കേണ്ടിയും വരുന്നുണ്ട്. സംസ്ഥാനത്ത് കാലാവസ്ഥ പ്രശ്നങ്ങളും വിലയിടിവും മൂലം കർഷകർ കോഴി കാര്യമായി വളർത്തിയിരുന്നില്ല. ആവശ്യക്കാർ കൂടിയതോടെ കോഴിയുടെ വിലയും കൂടി. വലിയ പെരുന്നാളായതോടെ കോഴിക്ക് ആവശ്യക്കാർ പിന്നെയും കൂടി.
തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴി എത്തിക്കുന്നത്. റംസാൻ നോമ്പുകാലവും വേനലും പ്രതീക്ഷിച്ച് കർഷകർ ആവശ്യത്തിന് കോഴികളെ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ അന്ന് വിലക്കയറ്റ പ്രതീക്ഷയ്ക്ക് വിപരീതമായി നഷ്ടമുണ്ടായതിനാൽ കർഷകർ പിന്നീട് കൃഷി നടത്താൻ മടിച്ചതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയത്.
മീൻ ഉപയോഗത്തിൽ വലിയ കുറവ്
സംസ്ഥാനത്ത് കോഴിലഭ്യത കുറഞ്ഞിരുന്നപ്പോഴാണ് കപ്പൽ മുങ്ങുന്നതും കണ്ടെയ്നറുകൾ കടലിൽ വീണതും. കണ്ടെയ്നറുകളിൽ നിന്ന് രാസപദാർത്ഥങ്ങൾ കടലിൽ കലരാനിടയുള്ളതിനാൽ മീൻ ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വ്യാജവാർത്തകൾ വന്നതോടെ മീൻ പതിവായി ഉപയോഗിച്ചവരും അത് ഒഴിവാക്കി തുടങ്ങി. മീൻ ഉപയോഗത്തിൽ വലിയ കുറവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
കോഴി വില ('രൂപയിൽ)
ഫാം വില - 125
ലൈവ് ചിക്കൻ - 145
ഇറച്ചിവില - 220-240
സംസ്ഥാനത്ത് കോഴി ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം. മീനിന് ആവശ്യക്കാർ കൂടിയാൽ ചിക്കൻ വില കുറഞ്ഞേക്കും
-എസ്.കെ. നസീർ, സംസ്ഥാന പ്രസിഡന്റ്
ഓൾ കേരള പൗൾട്രി ഫെഡറേഷൻ