ഓണമുണ്ണാൻ റെഡിയായിക്കോ,​ കൃഷിക്കൊരുങ്ങി കുടുംബശ്രീ

Saturday 07 June 2025 1:24 AM IST

ആലപ്പുഴ: ഓണസദ്യയും പൂക്കളവുമൊരുക്കാൻ പതിവുപോലെ ഇത്തവണയും കുടുബശ്രീയുടെ പച്ചക്കറികളും പൂക്കളുമെത്തും. ഓണക്കനി പദ്ധതിയിലൂടെ ജില്ലയിൽ ഇത്തവണ 200 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുക. കുടുംബശ്രീ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളാണ് (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കൃഷിക്കിറങ്ങുന്നത്. ജില്ലയിൽ മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനാൽ 20ന് ശേഷം ഒരുക്കങ്ങൾ ആരംഭിക്കും. 100 ഏക്കറോളം സ്ഥലത്താണ് പുഷ്പകൃഷി നടത്തുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്ത് നിർവഹിച്ചു. ജില്ലയിൽ 80 സി.ഡി.എസുകളാണുള്ളത്. കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളുടെയും കൃഷിക്കാരുടെയും പട്ടിക തയ്യാറാക്കി വരികയാണ്. സദ്യയൊരുക്കാൻ ആവശ്യമായ പച്ചക്കറികളും കൂടാതെ അച്ചാർ, ചിപ്‌സ്, പായസം മിക്‌സ്, കറിപൗഡർ എന്നിവ ഉൾപ്പെടെ ഓണക്കിറ്റ് തയ്യാറാക്കി നൽകാനും ഇത്തവണ കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ഹൈബ്രിഡ് തൈകൾ റെഡി

അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികൾ മുഖേന തയ്യാറാക്കി നൽകും. പയർ, വെണ്ട, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, വഴുതന, ചുരക്ക, കുമ്പളം തുടങ്ങിവ കൃഷി ചെയ്യും. ഓരോ സി.ഡി.എസിനും പരമാവധി 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 25680 ഹെക്ടർ സ്ഥലത്താണ് കൃഷി നടക്കുക.

കഴിഞ്ഞ വർഷം 6882 ഏക്കർ സ്ഥലത്തായിരുന്നു കൃഷി. ഇതിലൂടെ കുടുംബശ്രീയുടെ വനിതാ കർഷകർ ഓണക്കാലത്ത് ലഭിച്ചത് 7.8 കോടിയുടെ വിറ്റുവരവായിരുന്നു. ഓണച്ചന്ത, കിയോസ്കുകൾ, നാട്ടുചന്ത എന്നിവയിലൂടെയാണ് വിപണനം.