കുട്ടികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് സ്കൂൾ,​കോളേജ് പരിസരത്ത് ലഹരിസംഘങ്ങൾ സജീവം

Saturday 07 June 2025 3:38 AM IST

തിരുവനന്തപുരം:സ്കൂൾ,​ കോളേജ് പരിസരം കേന്ദ്രീകരിച്ച് നഗരത്തിലെ ലഹരി മാഫിയ സംഘങ്ങൾ വീണ്ടും സജീവം. ഇവിടങ്ങളിൽ ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.സംഭവത്തിൽ എക്സൈസ്,​പൊലീസ്,​ഡാൻസാഫ് സംഘങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. നഗരത്തിൽ വഴുതക്കാട്,​പാളയം,​നാലാഞ്ചിറ,​വള്ളക്കടവ്,​ചാക്ക,​ശംഖുംമുഖം,​പേട്ട,​വഞ്ചിയൂർ ഭാഗങ്ങളിൽ വ്യാപക ലഹരി വില്പനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഞ്ചാവ് കുറഞ്ഞ സ്ഥാനത്ത്,​എം.ഡി.എം.എ,​മെത്താഫെറ്റമിൻ ഗുളികകൾ,​കൊക്കൈൻ എന്നിവ നഗരത്തിൽ വ്യാപകമാണ്.

ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് കച്ചവടം

തലസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂൾ,കോളേജുകളിലെ ഹോസ്റ്റലുകളിൽ രഹസ്യമായി രാസലഹരി ഉപയോഗങ്ങൾ സജീവമാണെന്നും റിപ്പോർട്ടുണ്ട്. ലഹരി മാഫിയാസംഘങ്ങളുടെ വധഭീഷണിയെ തുടർന്ന് പല വിദ്യാർത്ഥികളും പരാതി നൽകാറില്ല.

അതിവേഗം,എല്ലാം അറിയുന്നവർ

എക്സൈസ്,പൊലീസിന്റെ നേതൃത്വത്തിൽ ലഹരിസംഘങ്ങളെ പൂട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ,ഇവർ അതിവേഗം വളരുകയാണ്. അധികൃതരുടെ നീക്കം കൃത്യമായി സംഘങ്ങളറിയുന്നുണ്ട്. ഇവർ ലഹരി എത്തിക്കുന്നത് കൃത്യമായ പദ്ധതിയിലാണ്. ചെറു മീനുകളെ പിടിക്കുന്ന എക്സൈസ് സംഘം മൊത്തക്കച്ചവടക്കാരെ തൊടാറില്ല.

ലഹരിയുടെ പ്രധാന സ്പോട്ടുകൾ

വഞ്ചിയൂർ

 പാളയം സാഫല്യം കോംപ്ളക്സ് പരിസരം

​പേട്ട വെൺപാലവട്ടം റോഡ്

​വള്ളക്കടവ്,​കിഴക്കേകോട്ട,​മുട്ടത്തറ സ്വീവേജ് പ്ളാന്റ് റോഡ്

ഇൗഞ്ചയ്ക്കൽ ജംഗ്ഷൻ പരിസരം

ആനയറ പമ്പ് ഹൗസ് പരിസരം

കഴക്കൂട്ടം കാരോട് ബൈപ്പാസ്

അപകടങ്ങൾ പതിവുള്ള കഴക്കൂട്ടം, കാരോട് ബൈപ്പാസിലും ലഹരി വിപണനം സജീവമാണ്. വ്യാജ നമ്പർ പ്ളേറ്റുകൾ ഘടിപ്പിച്ച ബൈക്ക്,​കാറിലെത്തുന്ന സംഘങ്ങൾ,യുവാക്കൾ,​വിദ്യാർത്ഥികൾ എന്നിവർക്ക് ലഹരി കൈമാറുന്നത് പതിവാണ്. ലഹരി വസ്തുക്കൾ ഉപയോഗിച്ച് ചിലർ പ്രദേശങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പരാതികളുണ്ട്.ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമെങ്കിലും ഇക്കൂട്ടർ പൊലീസും നാട്ടുകാരും ഓടിക്കൂടുന്നതിന് മുന്നേ തടിതപ്പും.സ്ത്രീകൾ മുതൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ വരെ കഞ്ചാവ് മാഫിയകളുടെ ശൃംഖലയിലുണ്ടെന്നാണ് ആരോപണം.

ഉയരുന്ന ആവശ്യങ്ങൾ

1)സ്കൂൾ അധികൃതർ കൃത്യമായി നിരീക്ഷിക്കണം.സംശയം തോന്നുന്ന സാഹചര്യങ്ങൾ അധികൃതരെ അറിയിക്കുന്നതിന് വിമുഖത കാണിക്കരുത്.

2) രക്ഷകർത്താക്കൾക്ക് സംശയം തോന്നിയാൽ സ്കൂൾ അധികൃതരെ വിവരമറിയിക്കണം.

3) പേരിന് പരിശോധന നടത്താതെ കൃത്യമായ നിരീക്ഷണം എക്സൈസ്,പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണം.