അപൂർവ ഹൃദയ ശസ്ത്രക്രിയ: ചരിത്രവിജയം നേടി ജനറൽ ആശുപത്രി

Friday 06 June 2025 11:09 PM IST
ഹൃദയചികിത്സ നടത്തിയ ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റുള്ളവരും

തൃശൂർ: ഹൃദ്രോഗ ചികിത്സയിൽ ചരിത്ര വിജയം നേടി തൃശൂർ ജനറൽ ആശുപത്രി. ഹൃദയ ഭാഗത്തുണ്ടാകുന്ന ജന്മനാലുള്ള ദ്വാരം കീഹോൾ വഴി അടയ്ക്കുന്ന ഉയർന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഹൃദ്രോഗ വിഭാഗം നേട്ടം കൈവരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ 48 വയസുള്ള സ്ത്രീക്കാണ് ആദ്യമായി ചികിത്സ നടത്തിയത്. ഹൃദയത്തിലുള്ള നാല് അറകളിലേക്കുള്ള ഒരു ഭാഗത്ത് ഉണ്ടായ ദ്വാരമാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ അടച്ചത്. ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഡോ. ആദർശ്, ഡോ. അശ്വതി, കാത് ലാബ് ടെക്‌നീഷ്യൻമാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്‌സിംഗ് ഓഫീസർമാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരും ഉണ്ടായിരുന്നു. ജില്ലയിൽ ഇത്തരത്തിലുള്ള ചികിത്സ ആദ്യമായാണ്. ഹൃദയത്തിന് തുറന്ന ശസ്ത്രക്രിയ ഒഴിവാക്കിയും കത്തീറ്റർ സാങ്കേതികവിദ്യ ഉപയോഗിച്ചുമായിരുന്നു ശസ്ത്രക്രിയ. ഡോ. ആന്റണി പത്താടൻ , ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പണയ്ക്കൽ എന്നിവരുടെ പിന്തുണയും ഉണ്ടായിരുന്നു. ഹൃദ്രോഗ ചികിത്സയിലെ ചരിത്ര വിജയത്തെ മേയർ എം.കെ.വർഗീസ് അനുമോദിച്ചു.

എ.എസ്.ഡി

ഹൃദയത്തിന്റെ രണ്ട് മുകളിലെ അറകളെ (ഏട്രിയൽ സെപ്തം) വേർതിരിക്കുന്ന ഭിത്തിയിലെ അപാകത കാരണം ഉണ്ടാകുന്ന ഹൃദയ വൈകല്യമാണ് എ.എസ്.ഡി ഈ മതിലിനെ ഏട്രിയൽ സെപ്തം എന്ന് വിളിക്കുന്നു. രണ്ട് ആട്രിയകൾക്കിടയിലുള്ള ഒരു ചെറിയ ദ്വാരം ജനനസമയത്ത് ഉണ്ടാവുകയും ഈ ദ്വാരം അടയാതിരിക്കുകയും ചെയ്യുമ്പോൾ ഹൃദയത്തിന്റെ ഇടതുവശത്ത് നിന്ന് വലത് ഭാഗത്തേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം ചോർച്ചയ്ക്ക് കാരണമാകുന്നു. ഇത് ശുദ്ധ രക്തവും അശുദ്ധ രക്തവും കൂടികലരാൻ ഇടയാക്കും.