പഹൽഗാം ആക്രമണത്തിനുശേഷം ആദ്യ സന്ദർശനം, നമ്മുടെ ഐക്യത്തിന് മുന്നിൽ പാകിസ്ഥാൻ മുട്ടുമടക്കി: മോദി

Saturday 07 June 2025 12:24 AM IST

 പാകിസ്ഥാൻ സമാധാനത്തിന്റെ ശത്രു

 മനുഷ്യത്വത്തിനും കാശ്‌മീരിയത്തിനും നേരെ ആക്രമണം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കാശ്‌മീരിലെ ആദ്യ സന്ദർശനത്തിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹൽഗാമിലേത് നിരപരാധികൾക്ക് നേരെയുള്ളതു മാത്രമായിരുന്നില്ല,​ മനുഷ്യത്വത്തിനും കാശ്‌മീരിയത്തിനും പാവപ്പെട്ടവന്റെ ഉപജീവന മാർഗത്തിനും നേർക്കുള്ള ആക്രമണം കൂടിയായിരുന്നു. എന്നാൽ ഇന്ത്യൻ ജനതയുടെ ഐക്യത്തിന് മുന്നിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. കാശ്‌മീരിന്റെ ആത്മാവിനെ മുറിപ്പെടുത്താനാണ് അവർ ശ്രമിച്ചത്. കലാപങ്ങൾ സൃഷ്‌ടിക്കാനും കാശ്‌മീരികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി കാശ്‌മീർ ജനത നിന്നു. ഒരുകാലത്ത് സ്‌കൂളുകൾ അഗ്നിക്കിരയാക്കിയ, തലമുറകളെ നശിപ്പിച്ച ഭീകരതയ്‌ക്കെതിരെ ഇന്ന് കാശ്‌മീരി യുവത ശക്തമായി പ്രതികരിക്കുന്നു. വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം കത്രയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ഓപ്പറേഷൻ സിന്ദൂറെന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അവർക്ക് സംഭവിച്ച നാണംകെട്ട തോൽവിയെക്കുറിച്ച് ഓർമ്മിക്കും. പാകിസ്ഥാന്റെ കിലോമീറ്ററുകളോളം ഉള്ളിൽ കടന്ന് ഭീകരരെ ഇങ്ങനെ ഇന്ത്യ ആക്രമിക്കുമെന്ന് പാക് സേനയും ഭീകരരും ഒരിക്കലും കരുതിയിരുന്നില്ല. പഹൽഗാം ആക്രമണം ജമ്മു കാശ്‌മീരിന്റെ വികസനത്തെ ബാധിക്കില്ല. അത് മോദിയുടെ വാഗ്ദാനമാണ്.

 ആദിൽ,നീ വീരനായകൻ

ഭീകരരിൽ നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീരമൃത്യു വരിച്ച ബൈസരനിലെ കുതിര സവാരിക്കാരൻ ആദിൽ ഹുസൈൻ ഷായെ പ്രസംഗത്തിൽ മോദി സ്‌മരിച്ചു. യഥാർത്ഥ വീരനായകനാണ് ആദിൽ. കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം കുതിരസവാരിക്കാരനായത്. പക്ഷേ അദ്ദേഹത്തെയും ഭീകരർ വകവരുത്തി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിലെ ഏക നാട്ടുകാരനും മുസ്ലിമുമാണ് ആദിൽ. ടൂറിസ്റ്രുകളെ രക്ഷപ്പെടുത്താൻ ഭീകരന്റെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.