തഹാവൂർ റാണയുടെ കസ്റ്റഡി നീട്ടി
Saturday 07 June 2025 12:26 AM IST
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ജൂലായ് 9 വരെ നീട്ടി. റാണയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ജൂൺ 9ന് സമർപ്പിക്കണം. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. തിഹാർ ജയിലിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് മുഖേന ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആ സമയത്ത് റാണയുടെ ആരോഗ്യസ്ഥിതിയിൽ അഭിഭാഷകൻ ആശങ്ക അറിയിച്ചു. ഇതോടെ, അടുത്ത തിങ്കളാഴ്ച തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതർക്ക് പ്രത്യേക എൻ.ഐ.എ കോടതി ജഡ്‌ജി ചന്ദേർ ജിത് സിംഗ് നിർദ്ദേശം നൽകി. കുടുംബത്തോട് സംസാരിക്കണമെന്ന റാണയുടെ അപേക്ഷയും അന്ന് പരിഗണിക്കും. യു.എസിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 10നാണ് റാണയെ രാജ്യത്ത് എത്തിച്ചത്.