രാജ്യസഭ: നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ

Saturday 07 June 2025 12:27 AM IST

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സെൽവപെരുണ്ടഗൈ എന്നിവരും സാക്ഷ്യം വഹിച്ചു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കാൻ തയാറെടുത്ത കമൽ ഹാസൻ, ഡി.എം.കെയുമായി നടത്തിയ ചർച്ചയ്ക്കുപിന്നാലെ പിന്മാറുകയായിരുന്നു. പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ കമൽ ഹാസനെ നേരത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. 234 അംഗ തമിഴ്നാട് നിയമസഭയിൽ രാജ്യസഭാ സീറ്റ് നേടുന്നതിന് ഓരോ സ്ഥാനാർത്ഥിക്കും കുറഞ്ഞത് 34 വോട്ടുകൾ വേണം.

ജൂൺ 19ന് നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാർത്ഥികളെ ഡി.എം.കെ പ്രഖ്യാപിച്ചു. സൽമ, അഡ്വ. പി. വിൽസൺ, എസ്.ആർ. ശിവലിംഗം എന്നിവരാണ് സ്ഥാനാർത്ഥികൾ.