ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും

Saturday 07 June 2025 12:32 AM IST

 ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി

ന്യൂഡൽഹി : കാനഡയിൽ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ജസ്റ്റിൻ ട്രൂഡോ മാറി മാർക്ക് കാർണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ഉച്ചകോടിയിൽ മോദിക്ക് ക്ഷണമുണ്ടാകുമോയെന്നതിൽ അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാ‌ർക്ക് കാർണി ക്ഷണിച്ച വിവരം മോദി തന്നെ ഇന്നലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മുഖേന വെളിപ്പെടുത്തുകയായിരുന്നു. കനേഡിയൻ പ്രധാനമന്ത്രി വിളിച്ചെന്നും​ തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചെന്നും മോദി കുറിച്ചു. കനാനാസ്‌കിസിൽ 15 മുതൽ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയും അറിയിച്ചു.

 സന്ദർശനം സുപ്രധാനം

ഖാലിസ്ഥാൻ വിഷയത്തിൽ കാനഡയുമായി നല്ല ബന്ധത്തിലല്ല ഇന്ത്യ. മോദിയുടെ കാനഡ സന്ദർശനം അതിനാൽ തന്നെ നിർണായകമാകും. പരസ്‌പര ബഹുമാനത്തിലും സഹകരണത്തിലും പുതിയ വീര്യത്തോടെ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി ഇന്നലെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഖാലിസ്ഥാൻ ഭീകരരുടെ കൈമാറ്റം തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.