അഖിൽ അക്കിനേനി വിവാഹിതനായി

Saturday 07 June 2025 12:31 AM IST

ഹൈദരാബാദ്: തെലുങ്ക് നടൻ നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവദ്ജിയാണ് വധു. തെലുങ്ക് ആചാരമനുസരിച്ച് ഇന്നലെ പുലർച്ചെ മൂന്നിന് നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

മുപ്പതുകാരനായ അഖിന്റെയും 39കാരിയായ സൈനബയുടെയും പ്രണയ വിവാഹമാണ്. പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകളാണ് സൈനബ് റാവദ്ജി. ഹൈദരാബാദിലെ ZR റിന്യുവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമാണ് സൈനബിന്റെ സഹോദരൻ സൈൻ റാവദ്ജി. സൈനബ് ചിത്രകാരിയാണ്.

കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും അഖിൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. 2016ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി. അഖിലിന്റെ സഹോദരനും നടനുമായ നാ​ഗചൈതന്യയും ഭാര്യ ശോഭിത ധുലിപാലയും ചടങ്ങിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

തെലുങ്ക് നടൻ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവദ്ജിയാണ് വധു. നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും മകനാണ് അഖിൽ