റിപ്പോ 0.5% കുറച്ചു, പലിശ ഭാരം കുറയും
കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറിൽ നിന്ന് അഞ്ചര ശതമാനമായി കുറച്ചു. ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണിത്.
ഇതോടെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക, സ്വർണ പണയ വായ്പകളുടെ പലിശ അര ശതമാനം വരെ കുറയും. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ പലിശയിളവാണിത്.
അതേസമയം, ബാങ്കുകൾ അവരുടെ മൊത്തം നിക്ഷേപത്തിന് ആനുപാതികമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണത്തിന്റെ കരുതൽ ധന അനുപാതം ഒരു ശതമാനം കുറച്ച് മൂന്നാക്കി. ഇതോടെ രണ്ടരലക്ഷം കോടി രൂപ ബാങ്കുകളുടെ പക്കൽ തിരിച്ചെത്തും. ഇത് ഇടപാടുകാരിലൂടെ വിപണിയിലെത്തുന്നതോടെ പണലഭ്യത വർദ്ധിക്കും.
മൂന്ന് ദിവസത്തെ ധന അവലോകന യോഗത്തിനുശേഷമാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇളവുകൾ പ്രഖ്യാപിച്ചത്. സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിനൊപ്പം നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ധന നയ നിലപാട് അക്കോമഡേറ്റീവിൽ നിന്ന് ന്യൂട്രലിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. നടപ്പുവർഷം മൊത്തം ഒരു ശതമാനം കുറവാണ് പലിശ നിരക്കിൽ വരുത്തിയത്.
നാണയപ്പെരുപ്പം
കുറഞ്ഞത് തുണച്ചു
1. നാണയപ്പെരുപ്പം 3.12 ശതമാനമായി കുറഞ്ഞത് പലിശ കുറയ്ക്കാൻ വഴിയൊരുക്കി
2. ജി.ഡി.പി വളർച്ച 6.5നിന്ന് ഉയർത്താൻ വിപണിയിൽ പണലഭ്യത വർദ്ധിപ്പിച്ചു
3. പലിശ കുറഞ്ഞാൽ സാമ്പത്തിക മേഖല ഉണരും
നിക്ഷേപങ്ങൾക്കും
പലിശ കുറയും
ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും അര ശതമാനം വരെ കുറച്ചേക്കും. കരുതൽ ധന അനുപാതം കുറച്ചതിലൂടെ കൂടുതൽ പണം ബാങ്കുകളുടെ കൈവശം എത്തുന്നതിനാൽ, അധിക പലിശ നൽകി നിക്ഷേപകരിൽ നിന്ന് പണം സ്വരൂപിക്കാൻ താത്പര്യം കാട്ടില്ല.
ഭവന വായ്പയിലെ ലാഭം
വായ്പാ തുക ......... ഇ.എം.ഐ (8.35%) ............ ഇ.എം.ഐ (7.85%) ........... ലാഭം
20 ലക്ഷം .......................17,167 ........................................16,542 ..................................625 രൂപ
30 ലക്ഷം.......................25,750 ........................................ 24,813................................. 947
50 ലക്ഷം .......................42,917.........................................41,356.................................1561
വാഹന വായ്പയിലെ നേട്ടം
വായ്പത്തുക - നിലവിലെ ഇ.എം.ഐ.............0.5% കുറയുമ്പോൾ - ലാഭം
5 ലക്ഷം........................10,403 ...........................................10,282 ..................................121 രൂപ