ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് പാർലമെന്ററി ഫോറം
Friday 06 June 2025 11:58 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചും ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രസ്‌താവന. ബ്രസീലിൽ നടന്ന 11-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിൽ 10 രാഷ്ട്രങ്ങളുടെ പാർലമെന്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള സംഘത്തെ നയിച്ചത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ്. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, ഈജിപ്‌ത്, എത്യോപ്യ, ഇന്തോനേഷ്യ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടിന് പിന്തുണ ലഭിച്ചു. ലോക സമാധാനത്തിനും സുരക്ഷയ്‌ക്കും യോജിച്ചുനീങ്ങണമെന്ന് ധാരണയായി. 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറം അടുത്ത വർഷം ഇന്ത്യയിൽ നടക്കും. ചെയർമാൻഷിപ്പ് ഔദ്യോഗികമായി ലോക്‌സഭാ സ്‌പീക്കർക്ക് കൈമാറി.