തരൂരിനോട് ചോദ്യമുന്നയിച്ച് മകൻ
Saturday 07 June 2025 6:39 AM IST
വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കാനുള്ള ഇന്ത്യയുടെ സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിച്ച് യു.എസിലെത്തിയ ശശി തരൂരിന്റെ വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച് മകൻ ഇഷാൻ തരൂർ. വാഷിംഗ്ടൺ പോസ്റ്റിലെ ലേഖകനാണ് ഇഷാൻ. ഇഷാൻ ചോദ്യമുന്നയിക്കാൻ വന്നതോടെ 'ഇതെന്റെ മകനാണ്, ഇത് അനുവദിക്കില്ല" എന്ന് തരൂർ പറഞ്ഞത് ചുറ്റുമുണ്ടായിരുന്നവരിൽ ചിരിപടർത്തി. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച തെളിവുകൾ ഏതെങ്കിലും രാജ്യം ആവശ്യപ്പെട്ടോ എന്നായിരുന്നു ഇഷാന്റെ ചോദ്യം. ഇന്ത്യയുടെ ആരോപണത്തിൽ ആരും തെളിവു ചോദിച്ചിട്ടില്ലെന്നും വ്യക്തമായ തെളിവില്ലാതെ ഇന്ത്യ ഇത്രയും ശക്തമായ നടപടിയെടുക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ വൈറലായി.