'നരകത്തിലേക്കുള്ള വാതിലി"ലെ തീ നിയന്ത്രണവിധേയം !
അഷ്ഗാബാദ് : പ്രശസ്തമായ ദർവാസ ഗ്യാസ് ക്രേറ്ററിലെ തീ ഭാഗികമായി നിയന്ത്രണവിധേയമായെന്ന് തുർക്ക്മെനിസ്ഥാൻ സർക്കാർ അറിയിച്ചു. തീ ഗണ്യമായി കുറഞ്ഞെന്നും ജ്വലനത്തിന്റെ നേരിയ ഉറവിടം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും അധികൃതർ പറഞ്ഞു. 2023 ആഗസ്റ്റിൽ ഉണ്ടായിരുന്നതിൽ നിന്ന് മൂന്നിരട്ടി തീ കുറയ്ക്കാനായി.
2022ൽ അന്നത്തെ പ്രസിഡന്റ് ഗുർബാംഗുലി ബെർദിമുഹമെഡോവ് ദർവാസ ക്രേറ്ററിൽ കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്തി ഗർത്തം അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു. ഭൂമിയിലെ അമൂല്യ വാതകങ്ങൾ ഇവിടെ കത്തി തീരുന്നതായും പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2010ലും ദർവാസ ക്രേറ്ററിലെ തീ കെടുത്താൻ സർക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ദർവാസ ഗ്യാസ് ക്രേറ്റർ
മദ്ധ്യേഷ്യൻ രാജ്യമായ തുർക്ക്മെനിസ്ഥാന്റെ ഏതാണ്ട് 70 ശതമാനത്തോളം കരഭാഗവും ' കാരക്കും " മരുഭൂമിയാൽ മൂടപ്പെട്ടിരിക്കുകയാണ്. 3,50,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ജനസാന്ദ്ര കുറഞ്ഞ കാരക്കും മരുഭൂമിയുടെ വടക്ക് - മദ്ധ്യ സമതലത്തിലാണ് ദർവാസ ക്രേറ്റർ എന്ന അത്ഭുത കാഴ്ച.
ഇതൊരു ഭീമൻ കുഴിയാണ്. ഈ കുഴിയിൽ നിന്ന് കഴിഞ്ഞ അമ്പത് വർഷമായി തീ അണയാതെ ആളിക്കത്തി. " നരകത്തിലേക്കുള്ള വാതിൽ" എന്നറിയപ്പെടുന്ന ദർവാസ ക്രേറ്റർ ഒരു ഗ്യാസ് പിറ്റാണ്. ഇവിടുത്തെ പ്രകൃതി വാതകങ്ങളുടെ സാന്നിദ്ധ്യമാണ് തീയ്ക്ക് പിന്നിലെ രഹസ്യം. 69 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുണ്ട് ദർവാസ ക്രേറ്ററിന്.
എങ്ങനെ സംഭവിച്ചു ?
1971ൽ സോവിയറ്റ് ജിയോളജിസ്റ്റുകൾ കാരക്കും മരുഭൂമിയിൽ എണ്ണ നിക്ഷേപത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും അവിടെ ഡ്രില്ലിംഗ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ലഭിച്ചത് ഏതാനും പ്രകൃതി വാതകങ്ങൾ ആയിരുന്നു. ഡ്രില്ലിംഗിനിടെ മണ്ണിടിഞ്ഞ് താഴുകയും മൂന്ന് വലിയ സിങ്ക്ഹോളുകൾ രൂപപ്പെടുകയും ചെയ്തു.
ഇതിൽ നിന്ന് മീഥേൻ വാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കാതിരിക്കാൻ ജിയോളജിസ്റ്റുകൾ അവിടം തീയിട്ടത്രെ. ആഴ്ചകൾക്കുള്ളിൽ മനുഷ്യനും പ്രകൃതിയ്ക്കും ഹാനികരമായ ഈ വാതകങ്ങൾ കത്തിത്തീർന്നേക്കുമെന്ന് അവർ കരുതി. എന്നാൽ, ആ തീ ഇതുവരെ അണഞ്ഞിട്ടില്ല.!
എന്നാൽ, ശരിക്കും ഇതുതന്നെയാണോ ദർവാസ ക്രേറ്ററിന്റെ ഉത്ഭവത്തിന് കാരണമെന്ന് ഇന്നും വ്യക്തമല്ല. 1960കളിൽ ദർവാസ ക്രേറ്റർ രൂപംകൊണ്ടെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ നിഗമനം. എന്നാൽ 1980കളിലാണ് ഇങ്ങനെയൊരു ഇടത്തെ പറ്റി പുറംലോകം അറിയുന്നത്.
സോവിയറ്റ് ഭരണകാലയളവിൽ തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള വാതകങ്ങളും എണ്ണയും ഏറെ വിലമതിക്കപ്പെട്ടവയായിരുന്നു. അതുകൊണ്ട് തന്നെ ദർവാസ ക്രേറ്ററിന്റെ ഉത്ഭവം സംബന്ധിച്ച രേഖകൾ രഹസ്യ സ്വഭാവമുള്ളവയായി തുടരുന്നുണ്ട്.