നടുറോഡില്‍ ലാന്‍ഡ് ചെയ്ത് ഹെലികോപ്റ്റര്‍; വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടലില്‍

Saturday 07 June 2025 5:50 PM IST
helicopter

ഡെറാഡൂണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത് നടുറോഡില്‍. ഉത്തരാഖണ്ഡിവെ ഗുപ്തകാശിയിലാണ് അഞ്ച് യാത്രക്കാരുമായി ഹെലികോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കേഥാര്‍നാഥ് ധാമിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. ടേക്കോഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടിവന്നു.

പൈലറ്റിന്റെ സമയോചിത ഇടപെടല്‍ കാരണമാണ് വന്‍ അപകടം ഒഴിവായത്. സാങ്കേതിക തകരാര്‍ മൂലം റോഡിന്റെ നടുവില്‍ അടിയന്തരമായി ഹാര്‍ഡ് ലാന്‍ഡ് ചെയ്തത്. കളക്ടീവ് കണ്‍ട്രോളിന് തകരാര്‍ സംഭവിച്ചതായി പൈലറ്റ് ക്യാപ്റ്റന്‍ ആര്‍.പി.എസ് സോധി റിപ്പോര്‍ട്ട് ചെയ്യുകയും ഹെലിപാഡിന് തൊട്ടുതാഴെയുള്ള റോഡില്‍ നിയന്ത്രിത ലാന്‍ഡിങ് നടത്തുകയുമായിരുന്നു.

ക്രസ്റ്റല്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതെന്നും യഥാസമയം തകരാര്‍ തിരിച്ചറിഞ്ഞ പൈലറ്റ് സമീപത്തെ ഒഴിഞ്ഞ റോഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നുവെന്നും ജില്ലാ ടൂറിസം ഡിവലപ്മെന്റ് ഓഫീസറും ഹെലി സര്‍വീസ് നോഡല്‍ ഓഫീസറുമായ രാഹുല്‍ ചൗബെ വ്യക്തമാക്കി. ഹെലികോപ്ടറിന്റെ വാല്‍ഭാഗം വന്നിടിച്ച് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.