നടിമാരെപ്പൊലെ സുന്ദരിയാവാൻ ആഗ്രഹിക്കുന്നവരോട്, സൗന്ദര്യത്തിന് പിന്നിൽ എന്തെന്ന് വെളിപ്പെടുത്തി വരലക്ഷ്മി

Thursday 12 September 2019 11:11 PM IST

സിനിമാ താരങ്ങളുടെ സൗന്ദര്യം കണ്ട് തനിക്കും അങ്ങിനെയാവണം എന്നാഗ്രഹിക്കുന്ന പെൺകുട്ടികളാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. താരങ്ങളുടെ അഭിനയം മാത്രമല്ല അവരുടെ സൗന്ദര്യം സിനിമാ പ്രേക്ഷകർ വിലയിരുത്താറുണ്ട്. നടിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാർ. ഈ സൗന്ദര്യത്തിന് പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അധ്വാനം മാത്രമാണെന്നാണ് വരലക്ഷ്മി പറയുന്നത്.

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ''നടിമാരെപ്പോലെ സുന്ദരികളാകണം എന്ന് ആഗ്രഹിക്കുന്നവരോട്. ഞങ്ങൾ തിളങ്ങുന്ന ചർമ്മവുമായല്ല രാവിലെ എഴുന്നേൽക്കുന്നത്. ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതുകൊണ്ട് ഞങ്ങൾ പൂർണരാണെന്ന് കരുതരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോള്‍ നിങ്ങൾ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങളും''- വരലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു മണിക്കൂർ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് താരം പങ്കുവച്ചിരിക്കുന്നത്.