'ബിഗ് ബോംബ്' ആരോപണം പിന്‍വലിച്ച് മസ്‌ക്; ട്രംപിനെതിരായ പോസ്റ്റ് മുക്കി

Saturday 07 June 2025 8:54 PM IST

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ 'ബിഗ് ബോംബ്' ആരോപണത്തില്‍ നിന്ന് പിന്‍മാറി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ കൈവശമുള്ള സെക്‌സ് ടേപ്പുകളില്‍ ഡോണള്‍ഡ് ട്രംപും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മസ്‌ക് ആരോപിച്ചത്. ബിഗ് ബോംബ് എന്ന തലക്കെട്ടോടെ എക്‌സ് പോസ്റ്റിലാണ് മസ്‌ക് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ എക്‌സിലെ പോസ്റ്റ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് മസ്‌ക് ഇപ്പോള്‍.

ട്രംപ് - മസ്‌ക് ബന്ധം വഷളായതിന് പിന്നാലെ പ്രസിഡന്റ് ട്രംപിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഇലോണ്‍ മസ്‌ക് ഉന്നയിച്ചിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു എപ്‌സറ്റീന്റെ സെക്‌സ് ടേപ്പുകളില്‍ ഒന്നില്‍ ട്രംപും ഉള്‍പ്പെട്ടുവെന്നത്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്സില്‍ കുറിച്ചത്. ആ കേസിന്റെ റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മസ്‌ക് തന്റെ ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോയതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും എന്താണ് യഥാര്‍ത്ഥ കാരണമെന്നതില്‍ സ്ഥിരീകരണമില്ല. സെക്‌സ് ടേപ്പ് ആരോപണം ഡെമോക്രാറ്റിക് പാര്‍ട്ടി ഗൗരവമായി തന്നെ ഏറ്റെടുക്കുകയും ട്രംപിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് എഫ്ബിഐയോടും നീതിന്യായ വകുപ്പിനോടും ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.

വിഷയം വിവാദമായതോടെ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ചതിന് ശേഷമാണ് ഇപ്പോള്‍ എക്‌സില്‍ നിന്ന് ഇലോണ്‍ മസ്‌ക് തന്നെ തന്റെ പോസ്റ്റ് മുക്കിയിരിക്കുന്നത്.