'ഉണ്ണി മുകുന്ദൻ നിരുപാധികം മാപ്പ് പറഞ്ഞു, നടന്റെ  ഭാഗത്താണ്  തെറ്റെന്ന്  എല്ലാവർക്കും  ബോദ്ധ്യപ്പെട്ടു'

Sunday 08 June 2025 1:45 PM IST

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ തന്നോട് നിരുപാധികം മാപ്പ് പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്‌തവിരുദ്ധമാണെന്ന് ഫെഫ്‌കയ്ക്കും താരസംഘടനയായ അമ്മയ്ക്കും മനസിലായി. നടന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ അവകാശപ്പെട്ടു. ഒരു മാദ്ധ്യമത്തോടായിരുന്നു വിപിന്റെ പ്രതികരണം.

'ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനത്തിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ഉന്നയിച്ച വാദങ്ങൾ അടപടലം പൊളിഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറഞ്ഞതും അറിയിച്ചതും. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി. താൻ മാനേജർ അല്ല എന്ന ആരോപണം തെറ്റാണെന്ന് തെളിയിച്ചു. ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. ചർച്ചയിലെ മാപ്പ് പറച്ചിൽ ഞാൻ അംഗീകരിച്ചിരുന്നു. നിയമനടപടികൾ അതിന്റെ വഴിക്ക് പോകട്ടെ'- വിപിൻ കുമാർ വ്യക്തമാക്കി.

അതേസമയം, അനുരഞ്ജന യോഗത്തിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞിട്ടില്ലെന്നും നടൻ തെറ്റുകാരനാണെന്ന നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അമ്മ പ്രതിനിധി ജയൻ ചേർത്തല പറഞ്ഞു. ഉണ്ണി മുകുന്ദൻ മാന്യതകൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് ശേഷവും വാസ്‌തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വിപിൻ ആണെന്നും ജയൻ ചേർത്തല വ്യക്തമാക്കി.

ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക നേരത്തെ അറിയിച്ചിരുന്നു. രണ്ടുപേരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്‌നം പരിഹരിച്ചെന്നുമാണ് ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചത്. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിപിന്‍ മാനേജര്‍ ആയിരുന്നില്ലായെന്നും വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയിരുന്നു. ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്ത് ഉണ്ണി മുകുന്ദൻ മര്‍ദിച്ചെന്നായിരുന്നു ആരോപണം. മേയ് 26ന് കാക്കനാട്ടെ നടന്റെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നത്. മുഖത്തും തലയിലും നെഞ്ചിലും മര്‍ദിച്ചെന്നും തന്നെ അസഭ്യം പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍, വിപിന്‍ കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്നെ കുറിച്ച് വിപിന്‍ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവര്‍ത്തിച്ചു വരികയാണ് പരാതിക്കാരന്‍.