വിലയുണ്ട്,പക്ഷേ വിള ഒന്നിനും കൊള്ളില്ല !

Monday 09 June 2025 12:45 AM IST

പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ

കോട്ടയം : ആദ്യം ചൂട്, പിന്നാലെ പെരുമഴയും. നല്ല വിലയുണ്ടായിട്ടും കാലാവസ്ഥ വ്യതിയാനം ജില്ലയിലെ പൈനാപ്പിൾ കർഷകർക്ക് തിരിച്ചടിയാകുകയാണ്. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയെത്തിയ സ്‌പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് 50 രൂപയും, പച്ചയ്ക്ക് 48 രൂപയും പഴത്തിന് 30 രൂപയുമായി വില. എന്നാൽ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായ പൈനാപ്പിളില്ല. സ്ഥിതി തുടർന്നാൽ വില ഇനിയും വർദ്ധിക്കും. മാർച്ച് അവസാനം 55 - 60 രൂപയായിരുന്നു പഴത്തിന്റെ വില. ഏപ്രിൽ തുടക്കത്തിലും 50 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നു. മേയ് ആദ്യം സ്‌പെഷ്യൽ ഗ്രേഡ് പൈനാപ്പിൾ 18 - 20 രൂപയായിരുന്നു.

ജലാംശം കൂടി, പെട്ടെന്ന് കേടാകും

കൈതച്ചക്കയ്ക്കുള്ളിൽ ജലാംശം കൂടിയതും പെട്ടെന്ന് കേടാകുന്നതുമാണ് പ്രശ്നം. കനത്തമഴയിൽ വെള്ളംകൂടി ഗുണനിലവാരം ഇല്ലാതായി. ഇതോടെ വിൽക്കാനോ കയറ്റി അയയ്ക്കാനോ കഴിയാത്ത സ്ഥിതി. വരുമാനം പ്രതീക്ഷിച്ച് മറ്റ് കൃഷികളിൽ നിന്ന് മാറി കൈതച്ചക്ക കൃഷിയിലേക്ക് തിരിഞ്ഞവരും കണ്ണീരിലായി. വിളവെടുപ്പായപ്പോൾ പഴങ്ങൾക്ക് ഭംഗി മാത്രമേയുള്ളൂ ഗുണമില്ലാതായി. പലരും പഴങ്ങൾ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിച്ചെന്ന് കർഷകർ പറയുന്നു.

വലിയ നഷ്ടം

അദ്ധ്വാനവും പണവും

കൂലി, പാട്ടത്തുക, വളം

ഗുണനിവാരം കുറഞ്ഞു

മറ്റ് കൃഷികൾക്കുള്ളതു പോലെ സർക്കാർ സഹായം ലഭിക്കുന്നില്ല. സർക്കാറിന്റെ അടിയന്തര ഇടപെടലുണ്ടാകണം.

ജോയി, കർഷകൻ