ഇടുക്കിയിലായി, കോട്ടയത്ത് കാത്തിരിപ്പ്.... ദുരന്ത പ്രതിരോധം : നൂതന സാങ്കേതിക വിദ്യ എന്ന് വരും
കോട്ടയം : ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യ ഇടുക്കിയിൽ നടപ്പാക്കുമ്പോൾ സമാന ഭൂപ്രകൃതിയുള്ള ജില്ലയിലും വേണമന്ന ആവശ്യം ഉയരുന്നു. ഇടുക്കി ഡിസാസ്റ്റർ റെസിലിയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (ഐഡ്രിസ്) എന്ന നൂതന മുൻകരുതൽ സംവിധാനമാണ് ഇടുക്കിയിൽ ഒരുക്കുന്നത്. മലനിരകളും വനമേഖലയും പ്രളയ സാദ്ധ്യതയുമടക്കം ഇടുക്കിയ്ക്ക് സമാനമാണ് ജില്ലയുടെ ഒരു ഭാഗം. ഈ സാഹചര്യത്തിലാണ് സംവിധാനത്തിന്റെ പ്രസക്തി. നിരീക്ഷണ സംവിധാനത്തിലൂടെ ഉരുൾപൊട്ടൽ സെൻസറുകൾ, നദീനിരപ്പു ഗേജുകൾ എന്നിവയുണ്ടാകും. ഈ സെൻസറിൽ നിന്നുള്ള വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലെ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) പ്ലാറ്റ്‌ഫോമിലേക്ക് തത്സമയം എത്തും.
മണ്ണിടിച്ചിലും മണ്ണിന്റെ ഈർപ്പവുമായി ബന്ധപ്പെട്ട് മാപ്പുകൾ പരിശോധിച്ച ശേഷമേ റോഡുകളുടെ സ്ഥാനം തീരുമാനിക്കൂ. നദീനിരപ്പും പ്രളയ മാപ്പിംഗും അനുസരിച്ചാകും ചെക്ക് ഡാമുകൾ സ്ഥാപിക്കുക. പൊതുമരാമത്ത്, തദ്ദേശഭരണം, വനംവകുപ്പ്, റവന്യു, ജലസേചനം, കാർഷികം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളിൽ ദുരന്ത നിവാരണം ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ, സ്‌കൂൾ ക്ലബുകൾ, സന്നദ്ധപ്രവർത്തകർ, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ ജീവനക്കാർ എന്നിവരുടെ കൂടി സേവനം കൂടി പ്രയോജനപ്പെടുത്താം.
പദ്ധതി നടപ്പായാൽ എ.ഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായം
ഉരുൾപൊട്ടൽ, പ്രളയം, കാട്ടുതീ, വരൾച്ച തുടങ്ങിയവയുടെ മുന്നറിയിപ്പ്
ജി.ഐ.എസ് അധിഷ്ഠിത റിസ്‌ക് മാപ്പിംഗ് വഴി ഡേറ്റ സംയോജിപ്പിക്കാം
സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടങ്ങൾ കുറയ്ക്കൽ
വികസന പദ്ധതികളുടെ ആസൂത്രണം, വനജല വിനിമയം
മണ്ണ് ഘടനയും മഴ രീതിയും അനുസരിച്ചുള്ള കൃഷിയും വനപരിപാലനവും
'' ഇടുക്കി ജില്ലയിൽ നടപ്പാക്കിയതിന് ശേഷം ജില്ലയിലും സംവിധാനം നിലവിൽ വരും. ഇതിന് ഏതാനും നാൾ കൂടി സമയമെടുക്കും''
ദുരന്ത നിവാരണ വിഭാഗം