എടാ വാസ് കോ, എന്താ ഇത് ? രണ്ടു ദിവസത്തിൽ നേടിയത് 1.20 കോടി
പതിനെട്ട് വർഷം മുൻപ് ബോക്സോഫീസിൽ ചരിത്രം കുറിച്ച ഛോട്ടാ മു ബൈ റീ റിലീസിലും റെക്കോഡ് കളക്ഷൻ. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയപ്പോൾ രണ്ടാം ദിനത്തിൽ കരസ്ഥമാക്കിയത് 78 ലക്ഷം.ഇന്നലെയും വാസ്കോഡഗാമയും കൂട്ടരും മുന്നിട്ടു നിന്നു. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവിൽ തീർത്ത റെക്കോഡ് ഇതിനോടകം ഛോട്ടാ മുംബൈ തകർത്തു. ചിത്രത്തിലെ പാട്ടുകൾക്ക് സ്‌ക്രീനിന്റെ മുന്നിൽ നൃത്തം വെക്കുന്ന പ്രേക്ഷകരുടെ വീഡിയോകളും ഇതിനോടകം വൈറലാണ്. ഇന്നലെ അർധരാത്രി പോലും പല പ്രധാന സെന്ററുകളിലും ചിത്രം ഹൗസ്‍ഫുൾ ആയിരുന്നു. ടിക്കറ്റ് വില്‍പനയിലും ട്രെൻഡിംഗിലാണ് . മോഹൻലാൽ നായകനായി അൻവര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീ മാസ്റ്ററിലാണ് എത്തിയത്. ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം ഹൈ ഡെഫിനിഷൻ റസല്യൂഷൻ ഫോർമാറ്റിലുമാണ്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, ഷക്കീല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ബെന്നി പി. നായരമ്പലം. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രത്തിന് രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു .പി. ആർ.ഒ: പി. ശിവപ്രസാദ്