ബംഗാളിലും തമിഴ്‌നാട്ടിലും ബി ജെ പി സർക്കാർ രൂപീകരിക്കും,​ ഡി എം കെ നടത്തിയ അഴിമതിയുടെ പട്ടിക കൈയിലുണ്ടെന്ന് അമിത് ഷാ

Sunday 08 June 2025 8:18 PM IST

മധുര: തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡി.എം.കെ സർക്കാ‌ർ ലംഘിച്ചുവെന്നും അമിത് ഷാ ആരോപിച്ചു. മധുരയിൽ നടന്ന ബി,​ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026ൽ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു,​

കേന്ദ്രസർക്കാർ നൽകിയ 45 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡി.എം.കെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ചു. സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതികളുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ നിങ്ങളുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാൻ സ്റ്റാലിനെ അമിത് ഷാ വെല്ലുവിളിച്ചു.

ഡി.എം.കെ സ‌ർക്കാർ 4500 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39000 കോടി രൂപ നഷ്ടമുണ്ടായി,​ അല്ലാത്ത പക്ഷം തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും രണ്ട് അധിക മുറികൾ നി‍ർമ്മിക്കാൻ ഈ പണം ഉപയോഗിക്കാമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.