ബബ്ലിക്ക് കൂട്ടായി മറ്റൊരാൾ കൂടി തിരുവനന്തപുരം മൃഗശാലയിൽ ഹിപ്പോ പ്രസവിച്ചു

Monday 09 June 2025 1:05 AM IST

തിരുവനന്തപുരം: മൃഗശാലയിൽ ഹിപ്പോപ്പൊട്ടാമസ് പ്രസവിച്ചു. മൃഗശാലയിലെ പതിമൂന്ന് വയസുള്ള വിമല എന്ന ഹിപ്പോയാണ് ശനിയാഴ്ച രാത്രി കുഞ്ഞിന് ജന്മം നൽകിയത്. 2024 ഏപ്രിൽ 7ന് ബിന്ദു എന്ന മറ്റൊരു ഹിപ്പോ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ബബ്ലി എന്ന് പേരിട്ട ആ കുഞ്ഞ് മറ്റുള്ള ഹിപ്പോകളുടെ കൂട്ടത്തിലേക്ക് ചേർന്ന് കഴിഞ്ഞു. 11 വയസുകാരൻ ഗോകുൽ തന്നെയാണ് രണ്ട് കുഞ്ഞുങ്ങളുടെയും അച്ഛൻ.

കരൾ രോഗബാധയെ തുടർന്ന് ഗോകുൽ കഴിഞ്ഞ വർഷം മരിച്ചിരുന്നു. അതിനു മുൻപായി ഇണചേർന്നുണ്ടായ കുഞ്ഞാണിത്.

വെള്ളത്തിൽ വച്ചാണ് ഹിപ്പോകൾ പ്രസവിക്കാറുള്ളത്. ജനിച്ചയുടൻ തന്നെ മിനിറ്റുകളോളം വെള്ളത്തിനടിയിൽ ശ്വാസമടക്കി ഇരിക്കാൻ ഹിപ്പോ കുഞ്ഞുങ്ങൾക്ക് സാധിക്കും.

അമ്മ ഹിപ്പോകൾ കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതും വെള്ളത്തിനടിയിൽ വച്ച് തന്നെയാണ്. ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകൾ പ്രസവമടുക്കുന്നതോടെ കൂട്ടത്തിൽ നിന്ന് മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും പ്രസവശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂട്ടത്തിലേക്ക് കുഞ്ഞുമായി തിരികെ വരികയുമാണ് ചെയ്യാറുള്ളത്.

അമ്മയെയും കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ മറ്റ് പെൺ ഹിപ്പോകളെ ഇപ്പോൾ പ്രത്യേകം കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പ്രസവിച്ച വിമലയെ കൂടാതെ പൂർണവളർച്ചയെത്തിയ നാല് പെൺ ഹിപ്പോകളും ബബ്ലി എന്ന പെൺ ഹിപ്പോ കുട്ടിയുമാണ് മൃഗശാലയിലുള്ളത്. ഇനി പ്രജനനത്തിന് ആൺ ഹിപ്പോയില്ലാത്ത സാഹചര്യമാണ്. ഇപ്പോ ജനിച്ചത് ആൺ കുഞ്ഞാകാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.