വെള്ളക്കെട്ടിലും ഒഴുക്കിലും ആലപ്പുഴയിൽ മൂന്ന് മരണം

Monday 09 June 2025 1:07 AM IST

കായംകുളം/കുട്ടനാട്: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും മധ്യവയസ്ക്കനും പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മധ്യവയസ്ക്കനും ഉൾപ്പടെ ജില്ലയിൽ മൂന്ന് മരണം. കായംകുളം പുതിയവിള പ്രദീപ് ഭവനിൽ പ്രദീപിന്റെയും സുജാതയുടെയും ഏക മകൻ അഭിജിത്തിനെയാണ് (10) വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ കനകക്കുന്ന് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് വെള്ളക്കെട്ടിലിറങ്ങി കുട്ടിയെ കണ്ടെടുത്ത് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.കാവാലം പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ കാവാലം വടക്ക് ആലപ്പറമ്പ് വീട്ടിൽ അപ്പുക്കുട്ടൻ (52) ആണ് മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ആലപ്പുഴയിൽ നിന്ന് അഗ്നിശമനവിഭാഗമെത്തി സ്ഥലത്ത് തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

കായംകുളം പുത്തൻ കണ്ടം ഫിഷ് മാർക്കറ്റ് ഹംസക്കുട്ടിയെ (62) കനീ സകടവ് പാലത്തിന് സമീപത്തെ വെള്ളക്കെട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത് ഭാര്യ : ഹലീമ. മക്കൾ : നൗഷാദ്, നൗഫൽ. മരുമകൾ : ആഷിന.

തഹസിൽദാർമാരുടെ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഈ മരണങ്ങൾ കാലവർഷക്കെടുതിയിൽ ഉൾപ്പെടുമോ എന്ന് വ്യക്തമാകൂ.