പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: പരാതിയുമായി കുടുംബം

Monday 09 June 2025 2:16 AM IST

ആലപ്പുഴ: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം യുവതി മരിക്കാനിടയായ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയിൽ കെ.ജെ.മോഹനൻ,​ ജലജ ദമ്പതികളുടെ മകളും പാമ്പാടി സ്വദേശി വൈശാഖിന്റെ ഭാര്യയുമായ നിത്യ മോഹൻ (29) വെള്ളിയാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അന്നേ ദിവസം രാവിലെ 11 മണിക്കായിരുന്നു നിത്യയുടെ സിസേറേയിൻ ശസ്ത്രക്രിയ. അമിത രക്തസ്രാവം നിലയ്ക്കാതിരുന്നതിനെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്തു. ഇതിന് പിന്നാലെ രക്തസമ്മർദ്ദം ക്രമാതീതമായി താഴ്ന്ന നിത്യയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷമായിരുന്നു മരണം. വൈകിട്ട് ആറ് മണിയോടെയാണ് നിത്യ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. യാതൊരു ആരോഗ്യ പ്രശ്നങ്ങളും യുവതിക്കില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവല്ല പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. നിത്യയുടെ സംസ്ക്കാരം ഇന്നലെ പാമ്പാടിയിലെ ഭർതൃഗൃഹത്തിൽ നടന്നു. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്.