കച്ചിത്തുറു മാഞ്ഞു, കെട്ടുകച്ചിക്ക് പ്രിയം
മുഹമ്മ: എല്ലാ കർഷകരുടെയും വീട്ടുമുറ്റത്ത് പണ്ട് സർവ്വ സാധാരണമായ ഒരു കാഴ്ചയായിരുന്നു കച്ചിത്തുറു. കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിൽ നിന്ന് പ്രത്യേകിച്ച്, കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്ന് കെട്ടുവള്ളങ്ങളിലാണ് കച്ചി കരപ്പുറം പ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന കച്ചി വിദഗ്ദ്ധ തൊഴിലാളികളെ ഉപയോഗിച്ച് തുറു ഇട്ട് കർഷകർ സംരക്ഷിച്ചിരുന്നു.
ഉദി മരത്തിലായിരുന്നു പ്രധാനമായും തുറു ഇട്ടിരുന്നത്. മരത്തോട് ചേർന്ന് താഴെ ഒരു തട്ടുകെട്ടും ഇതിൽ ആദ്യം കരിങ്ങാട്ട ഇല വിതറും. തുടർന്ന് വൈക്കോൽ പിരിച്ചെടുത്ത് മരത്തിൽ ചുറ്റും. പിന്നീടാണ് കച്ചി വാരി മരത്തിന് ചുറ്റും വട്ടത്തിൽ ചവിട്ടിയിരുത്തി തുറു ഉണ്ടാക്കിയിരുന്നത്. പകുതി കഴിഞ്ഞ്
മേലോട്ട് വരുന്തോറും ഒതുക്കിയാണ് തുറു ഇട്ടിരുന്നത്. അതുകൊണ്ട് എത്ര ശക്തമായ മഴ പെയ്താലും കച്ചി നശിക്കില്ല. ഇതുകാരണം വൈക്കോൽ പുതുമയോടെ പശുക്കൾക്ക് നൽകാമായിരുന്നു.കരിങ്ങാട്ട ഇല ഇട്ടിരിക്കുന്നത് കൊണ്ട് ചിതൽ കയറുമെന്ന പേടിയും വേണ്ട.കച്ചി മുകളിലെത്തിക്കാൻ നാടൻ സാങ്കേതിക വിദ്യയും പ്രയോഗിച്ചിരുന്നു. പരേതരായ തറയിൽ വാസുവും ചാലുങ്കൽ ശങ്കരനും നാട്ടിലെ
ഇക്കര്യത്തിലെ വിദഗ്ദ്ധരായ തൊഴിലാളികളായിരുന്നു.
കച്ചിക്കച്ചവടം തൊഴിലാക്കിയ ധാരാളം ആളുകളും അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുത്തനങ്ങാടിയായിരുന്നു കച്ചിക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രം.
ഡിമാൻഡ് തമിഴ്നാട് കച്ചിക്ക്
കാലം മാറിയതോടെ കൊയ്ത്തു പാടത്തത്ത് വച്ചുതന്നെ യന്ത്ര സഹായത്താൽ കച്ചി വാരിക്കെട്ടി കർഷകരുടെ വീടുകളിലെത്തിക്കുന്ന നിലയാണ് ഇപ്പോൾ കാര്യങ്ങൾ.
ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ച് കച്ചി ഒതുക്കി കെട്ടി വരാൻ തുടങ്ങിയതോടെ വയ്ക്കോൽ തുറുവെന്നത് മലയാളികൾക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മയായി. 30കിലോ വരുന്ന ഒരു കെട്ട് കച്ചിക്ക് 350 രൂപയാണ് നിലവിലെ വില.കുട്ടനാടൻ കച്ചിക്ക് ചെളി മണമുള്ളതു കൊണ്ട് തമിഴ് നാട്ടിലെ കച്ചിക്കാണ് ഏറെ പ്രിയമെന്ന് ജൈവ കർഷകനായ ജീമോൻ തമ്പുരാൻ പറമ്പ് പറയുന്നു.