മുല്ലയ്ക്കൽ അഗ്നിബാധ; അരക്കോടി നഷ്ടമെന്ന് പ്രാഥമിക നിഗമനം
ആലപ്പുഴ: മുല്ലയ്ക്കൽ തെരുവിൽ അഗ്രഹാരങ്ങൾക്ക് തീപ്പിടിച്ച സംഭവത്തിൽ അരക്കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമികനിഗമനം. ഇൻവർട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. വരും ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തി മാത്രമേ ഇക്കാര്യ സ്ഥിരീകരിക്കാനാവൂ. കത്തി നശിച്ച വീടുകളിൽ ഇന്നലെ ഫോറൻസിക്ക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല. വീടുകളിൽ കത്തിനശിച്ച തടി ഉരുപ്പടികൾ കിടക്കുന്നത് പരിശോധനയ്ക്ക് ബുദ്ധിമുട്ടായി. അതിനാൽ, അടുത്ത ദിവസം ഇവ നീക്കിയതിനുശേഷമാകും വിശദപരിശോധന. അഗ്രഹാരങ്ങൾക്ക് 75 വർഷത്തിലേറെ പഴക്കമുണ്ട്. ഇവയുടെ മേൽക്കൂര, സീലിംഗ്, കോണിപ്പടി, ഇടഭിത്തി തുടങ്ങിയവ തേക്കിലും മറ്റും നിർമ്മിച്ചവയാണ്. ഇവയിലേക്ക് തീ പടർന്നതാണ് വൻ നാശനഷ്ടത്തിനിടയാക്കിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറേമുക്കാലോടെയാണ് മുല്ലയ്ക്കൽ രാജരാജേശ്വരീക്ഷേത്രത്തിനു തെക്കുവശത്തുള്ള ബ്രാഹ്മണസമൂഹമഠത്തിനോടു ചേർന്ന അഗ്രഹാരങ്ങളിലെ വീടുകൾക്ക് തീപിടിച്ചത്. രണ്ടു വീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. മഠത്തുംമുറി അഗ്രഹാരത്തിലെ കൈലാസിൽ ഉഷാ മോഹനന്റെയും മകൻ അരവിന്ദ് മോഹനന്റെയും വീടുകളാണ് പൂർണമായും കത്തിയത്. തുടർന്നാണ് തൊട്ടടുത്ത രണ്ടു വീട്ടിലേക്ക് തീപ്പടർന്നത്. ആലപ്പുഴ റെഡ്യാർ അസോസിയേഷന്റെ ഓഫീസ്, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം എന്നിവ പ്രവർത്തിക്കുന്ന വീടുകൾ, മഠത്തുംമുറിയിൽ ബാലാജിയുടെ വീട് എന്നിവയാണ് ഭാഗികമായി കത്തിയത്. അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ജീവഹാനി ഒഴിവായി. ഇവർ വാടകയ്ക്ക് താമസം മാറി. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റെത്തി മൂന്നുമണിക്കൂറിലേറെ പരിശ്രമിച്ചാണ് പ്രദേശത്തെ തീയണച്ചത്. ശനിയാഴ്ച വീടുകളിൽ നിന്ന് പുക ഉയർന്നത് അഗ്നിരക്ഷാസേനയെത്തി അണച്ചിരുന്നു.