കൊട്ടിയൂരിൽ ചോതി വിളക്ക് തെളിഞ്ഞു ആചാരപ്പെരുമയിൽ പെരുമാൾക്ക് നെയ്യാട്ടം

Monday 09 June 2025 12:23 AM IST
വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി മുതിരേരി ക്ഷേത്രത്തിൽ നിന്നും മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി മുതിരേരി വാൾ എഴുന്നള്ളിച്ച് കൊട്ടിയൂരിലേക്ക് പുറപ്പെട്ടപ്പോൾ

ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്

കൊട്ടിയൂർ: വയനാട്ടിലെ മുതിരേരി ശിവക്ഷേത്രത്തിൽ നിന്നും എടയാർ മൂഴിയോട്ട് ഇല്ലം സുരേഷ്‌ നമ്പൂതിരി വാളുമായി ഇന്നലെ സന്ധ്യ കഴിഞ്ഞ് ഇക്കരെ കൊട്ടിയൂരിൽ എത്തിയ ശേഷം ആചാര്യന്മാരും അടിയന്തര യോഗക്കാരും അക്കരെ സന്നിധിയിലെത്തി ചോതി വിളക്ക് തെളിയിച്ച് പെരുമാൾക്ക് നെയ്യാട്ടം നടത്തിയതോടെ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്ര തുടക്കം.

വാൾ ക്ഷേത്ര ശ്രീകോവിലിൽ ദേവീദേവന്മാരുടെ ബലിബിംബങ്ങൾക്കൊപ്പം സൂക്ഷിച്ചു. ദേവന്റെ വാളെഴുന്നള്ളത്തിനെ സ്വീകരിക്കാൻ മന്ദംചേരി മുതൽ ഇക്കരെ കൊട്ടിയൂർ വരെയുള്ള പാതയുടെ ഇരുവശത്തും ക്ഷേത്രനഗരിയിലും നിരവധി ഭക്തജനങ്ങളാണ് തടിച്ചുകൂടിയത്.

രാത്രിയിൽ ആചാര്യന്മാരും അടിയന്തര യോഗ സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു. കുറ്റ്യാടിയിലെ ചാതിയൂർ ക്ഷേത്രത്തിൽ നിന്ന് തേടൻ സ്ഥാനിക വാര്യർ എഴുന്നള്ളിച്ച് എത്തിച്ച ഓടയും തീയും ഉപയോഗിച്ച് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ ചോതി വിളക്ക് തെളിയിച്ചു. തുടർന്ന് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മുഖമണ്ഡപത്തിൽ പടിഞ്ഞിറ്റ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബ്രാഹ്മണസ്ഥാനികർ ചേർന്ന് 'ചോതി പുണ്യാഹം' നടത്തി അഷ്ടബന്ധം നീക്കി സ്വയംഭൂ നാളം തുറന്ന് നെയ്യ് ഒഴുകാനുള്ള പാത്തിവെച്ചു കഴിഞ്ഞ് പാലോന്നം നമ്പൂതിരി മുഹൂർത്തം നോക്കി നെയ്യഭിഷേകത്തിനുള്ള രാശി വിളിച്ചതോടെ പെരുമാൾക്ക് നെയ്യാട്ടം തുടങ്ങി. ഉഷക്കാമ്പ്രത്തോടൊപ്പം ഉപ തന്ത്രിമാരും ചേർന്ന് സ്ഥാനിക അവകാശികളായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നേതൃത്വത്തിൽ സമർപ്പിച്ച കലശങ്ങളാണ് സ്വയംഭൂവിൽ ആദ്യം ആടിയത്. ശേഷം ക്രമമനുസരിച്ച് വ്രതക്കാർ സംഘങ്ങളായി വന്ന് നെയ്യഭിഷേകത്തിനായി സമർപ്പിച്ചു. എല്ലാവരും സമർപ്പിച്ച നെയ്യ് പൂർണമായി അഭിഷേകം ചെയ്തതോടെയാണ് നെയ്യാട്ടം അവസാനിച്ചത്.

പെരുമാളുടെ തിരുവാഭരണങ്ങളും പൂജാ കുംഭങ്ങളും വഹിച്ചുകൊണ്ടുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് നടക്കും.

മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളത്ത് ഇന്ന് അർദ്ധരാത്രിയോടെ അക്കരെ കൊട്ടിയൂരിൽ എത്തിച്ചേരും. തുടർന്ന് സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിച്ച് ദർശനം നടത്താം. സമുദായിയുടെ അദ്ധ്യക്ഷതയിൽ നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്തിൽ അടിയന്തര യോഗക്കാരും ഊരാക്കന്മാരും ഒപ്പമുണ്ടാകും. ഭണ്ഡാരം കാവുകളിലാക്കിയാണ് കൊട്ടിയൂരിലേക്ക് പുറപ്പെടുന്നത്. ഏറ്റും മുമ്പിൽ സ്വർണപാത്രങ്ങൾ, തുടർന്ന് തിരുവാഭരണ ചെപ്പ്, വെള്ളിവിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ ഒടുവിൽ വാദ്യഘോഷ അകമ്പടി. ഇതാണ് ഭണ്ഡാരം എഴുന്നള്ളത്തിന്റെ ക്രമം. എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തും മുമ്പ് അഞ്ചിടത്ത് വാളാട്ടം നടത്തും.