വന്യമൃഗ ശല്യം നേരിടാൻ വൈദ്യുതി കെണികൾ വ്യാപകം, ദുരന്തം കാത്ത് മലയോരം
കണ്ണൂർ: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റു പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു അതിദാരുണമായി മരിച്ച സംഭവം കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളെയും ആശങ്കയിലാക്കുന്നു. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനായി വ്യാപകമായി വൈദ്യുതി കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ട്. പന്നിക്കായി തോട്ട വയ്ക്കുന്നതും ഇവിടങ്ങളിൽ പതിവാണ്. കേബിൾ കെണിയിൽ കുരുങ്ങി പരുക്കേറ്റപുലി ചത്ത സംഭവവും കണ്ണൂരിലുണ്ടായിട്ടുണ്ട്.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുകയോ വൈദ്യുതി കെണിയിൽ കുടുക്കുകയോ ചെയ്തതതിനു ശേഷം ഇവയെ ഇറച്ചിയാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളിലും കാട്ടുപന്നി ഇറച്ചി ലഭ്യമാണ്.
ഒരു കിലോവിന് 500 രൂപയാണ് വിൽപ്പനക്കാർ ഈടാക്കുന്നത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി മലയോര പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കർമ്മസേന വെടിവെച്ചു കൊന്നതിനു ശേഷം കാട്ടുപന്നികളെ കുഴിച്ചിടുകയാണ് ചെയ്യുന്നത്. എന്നാൽ വേട്ടക്കാരാണ് കെണിവെച്ചു പിടികൂടുകയോ വെടിവച്ചിടുകയോ ചെയ്യുന്ന കാട്ടുപന്നികളെ ഇറച്ചിയായി വിൽക്കുന്നത്. ഇതിന് വനംവകുപ്പിന്റെയും ചില രാഷ്ട്രീയ പാർട്ടികളുടെയും പഞ്ചായത്ത് അധികൃതരുടെയും പിന്തുണയുണ്ട്. വന്യജീവികളെ ഉന്മൂലനം ചെയ്യരുതെന്ന കേന്ദ്ര വന്യജീവി നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നടക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
കള്ളത്തോക്കുകളും വ്യാപകം
കാട്ടുപന്നികൾ കൃഷിനാശമുണ്ടാക്കുമെന്ന കാരണത്താൽ നൂറുകണക്കിന് കള്ളത്തോക്കുകളാണ് മലയോരത്ത് മാഫിയ സംഘം ഇറക്കുന്നത്. ഇത് കർഷകർക്കിടയിലും നായാട്ടുസംഘത്തിനും വ്യാപകമായി വിതരണം ചെയ്യുന്നുമുണ്ട്. ജില്ലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ വേണ്ടിയുള്ള ഷൂട്ടേഴ്സ് ലൈസൻസ് ഉള്ളവരിൽ പലരും ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിക്കുന്നവരാണ്. പയ്യാവൂരിൽ ഇരുമ്പ് ആയുധ നിർമ്മാണ തൊഴിലാളിയായ നിധീഷ് ബാബു എന്ന യുവാവിനെ വീട്ടിൽ കയറി ഭാര്യയുടെ മുന്നിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ അടിസ്ഥാനത്തിലാണ്. മുണ്ടയാട് വാരം സ്വദേശിയായ റിട്ട. എസ്.ഐ സെബാസ്റ്റ്യനെ കള്ളത്തോക്കുമായി കാറിൽ സഞ്ചരിക്കവെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ പന്നിയെ വെടി വെക്കാൻ പോകുകയാണെന്നായിരുന്നു ഇയാളുടെ മറുപടി. കള്ളത്തോക്ക് നിർമ്മാണം കൂടാതെ കർണ്ണാടകയിൽ നിന്നും പഴയ തോക്കുകൾ ചെറിയ വിലയ്ക്ക് വാങ്ങി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം വലിയ തുകയ്ക്ക് വിൽക്കുന്ന സംഘവുമുണ്ടെന്നും പൊലീസ് പറയുന്നു. കാടുകളിൽ നായാട്ട് കർശനമായി നിയന്ത്രിച്ചെന്നു വനംവകുപ്പ് അവകാശപ്പെടുമ്പോഴും തോക്കുമായി കാട്ടിൽ കയറി മൃഗവേട്ട നിർബാധം തുടരുകയാണ്. എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രമാണ് നാടൻ തോക്കുകൾ സംബന്ധിച്ച അന്വേഷണത്തിന് പൊലീസ് തയ്യാറാകുന്നത്.