നാട്ടിൻപുറത്തു കണ്ടെത്തിയ കുട്ടിത്തേവാങ്കിന് പുനർജന്മം
കണ്ണൂർ: കാട്ടിലെ ഉയരം കൂടിയ മരങ്ങളിലും വള്ളിപ്പടർപ്പുകൾക്കിടയിലും ജീവിക്കുന്നതും അത്യപൂർവ്വമായി മാത്രം കാണപ്പെടുന്നതുമായ കുട്ടിത്തേവാങ്കിന്റെ കുഞ്ഞിനെ കണ്ടെത്തി. മാങ്ങാട്ടിടത്ത് ശനിയാഴ്ച വൈകുന്നരത്തോടെയാണ് കുട്ടിത്തിവേങ്കിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.
പരിസ്ഥിതിവന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ ഷംസീർ വിവരമറിയിച്ചതിന തുടർന്ന് മാർക്ക് വൈസ് പ്രസിഡന്റും റെസ്‌ക്യൂവറുമായ റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിൽ ബിജിലേഷ് കോടിയേരി, ജിഷ്ണു പനങ്കാവ്, സന്ദീപ്, നമിത പവിത്രൻ, പ്രിയേഷ്, മുഹമ്മദ് എന്നിവരടങ്ങിയ സംഘം കുട്ടിത്തേവാങ്കിനെ രക്ഷിച്ച് കണ്ണൂർ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. വെറ്ററിനറി സർജൻ ഡോ. നവാസിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധിച്ചു. പൂർണ്ണ ആരോഗ്യവാനായാൽ കുട്ടിത്തേവാങ്കിനെ വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ ആവാസ വ്യവസ്ഥയിൽ തുറന്നു വിടാനാണ് തീരുമാനം.
കുട്ടിത്തേവാങ്ക്
ലോറിസ് ലൈഡകരിനസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുട്ടിത്തേവാങ്ക് വലിപ്പം കുറഞ്ഞ കുരങ്ങ് കുടുംബത്തിലെ അംഗവും വംശനാശം നേരിടുന്ന വന്യജീവിയുമാണ്. ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും വെളുത്ത മുഖവും വാൽ ഇല്ലാത്തതുമാണ് ഇവയെ കുരങ്ങുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പൂർണ വളർച്ച എത്തിയാൽ ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ജീവിതത്തിന്റെ ഏറ്റവും കൂടുതൽ സമയവും മരത്തിൽ തന്നെ കഴിഞ്ഞു കൂടുന്ന അപൂർവം ജീവിവർഗത്തിൽ ഒന്നാണിത്. രാത്രിമാത്രം ഇരതേടുന്ന കുട്ടിത്തേവാങ്കിനെ നാട്ടിൻ പുറങ്ങളിലും പകൽ വെളിച്ചത്തിലും സാധാരണ കാണാറില്ല. ആക്രമകാരികളായ മറ്റു ജീവികളിൽ നിന്ന് അതിവേഗം രക്ഷപ്പെടാനുള്ള വേഗതയോ സാമർത്ഥ്യമോ ഇല്ലാത്തതിനാൽ പലപ്പോഴും ശത്രുജീവികളുടെ ആക്രമണത്തിനിരയായി ചത്തു പോകുന്ന അവസ്ഥയും കുട്ടിത്തേവാങ്കുകൾ നേരിടുന്നുണ്ട്.