ഓൺലൈൻ തട്ടിപ്പിൽ 6 പേർക്ക് നഷ്ടമായത് 1,44,051 രൂപ

Monday 09 June 2025 12:17 AM IST
ഓൺലൈൻ തട്ടിപ്പിൽ

കണ്ണൂർ: വിവിധ ഓൺലൈൻ തട്ടിപ്പിൽ ആറുപേർക്കായി 1,44,051 രൂപ നഷ്ടപ്പെട്ടു. ഗൂഗിൾ സെർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് ലഭിച്ച ലിങ്കിൽ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 44,000 രൂപ നഷ്ടപ്പെട്ടു. വ്യാജ റൂം ബുക്കിംഗ് വെബ്‌സൈറ്റ് വഴി റൂം ബുക്ക് ചെയ്ത കണ്ണൂർ ടൗൺ സ്വദേശിക്ക് നഷ്ടപ്പെട്ടത് 20,004 രൂപ. ബുക്കിംഗ് അഡ്വാൻസായി പണം അടപ്പിച്ച് റൂം നൽകാതെ പറ്റിക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വാച്ച് വാങ്ങുന്നതിനായി വാട്ട്‌സ്ആപ് വഴി ചാറ്റ് ചെയ്ത് പണം നൽകിയ എടക്കാട് സ്വദേശിക്ക് 18,610 രൂപ നഷ്ടപ്പെട്ടു. പണം അയച്ച ശേഷം നൽകിയ പണമോ സാധാനമോ നൽകാതെ ചതിക്കുകയായിരുന്നു. ക്രെഡിറ്റ് കാർഡിൽ നിന്നെന്ന വ്യാജേന വിളിച്ച് ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് കൂട്ടിത്തരാനെന്ന് പറഞ്ഞ് കാർഡ് വിവരങ്ങൾ കരസ്ഥമാക്കി കണ്ണൂർ ടൗൺ സ്വദേശിയുടെ 12,348 രൂപ തട്ടിയെടുത്തു. എടക്കാട് സ്വദേശിയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ അക്കൗണ്ടിൽ നിന്ന് 38,529 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി പാർട് ടൈം ജോലി ചെയ്യാൻ പ്രതികളുടെ നിർദ്ദേശപ്രകാരം വിവിധ ടാസ്‌കുകൾക്ക് വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ ചതിച്ചുവെന്ന് പരാതി.