പീഡനക്കേസ്, കൊറിയോഗ്രാഫർ അറസ്റ്റിൽ
കഴക്കൂട്ടം: ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊറിയോഗ്രാഫർ പിടിയിൽ. കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് (27) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിൽ ജോലിയുള്ള ഐ.ടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് നിന്നു പ്രതിയെ പിടികൂടിയത്. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം അവരുടെ പക്കൽ നിന്നു പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയാണ് ഫാഹിദിന്റെ രീതിയെന്ന് എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രതി അതുവഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തത്. പ്രതിയുടെ ഫോണിൽ നിന്നു നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെത്തി.