നാദാപുരത്ത് വീണ്ടും തേക്ക് മരം മുറിച്ച് കടത്തി
നാദാപുരം: നാദാപുരം പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ പേരോട് തേക്ക് മരം മുറിച്ച് കടത്തിക്കൊണ്ടുപോയി. പേരോട് ടൗൺ പരിസരത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം രൂപ വിലവരുന്ന തേക്ക് മരമാണ് മോഷണം പോയത്. പൊതുമരാമത്ത് അധികൃതർ ഇത് സംബന്ധിച്ച് നാദാപുരം പൊലീസിൽ പരാതി നൽകി. ജൂൺ ആറിന് രാത്രി 12 മണിക്കും രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നും മുറിച്ച് കടത്തിയ മരത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്നും പരാതിയിൽ പറയുന്നു. മരം മുറിച്ച ശേഷം ബാക്കി വരുന്ന ഭാഗം പുറത്ത് കാണാതിരിക്കാൻ ചാക്കും കരിയിലകളും കൊണ്ട് മൂടിയ നിലയിലായിരുന്നു ഉള്ളത്. മുറിച്ച മരത്തിന് സമീപത്ത് തന്നെയുള്ള മറ്റൊരു തേക്ക് മരം മുറിക്കാൻ പാകത്തിൽ ശിഖരങ്ങൾ പൂർണ്ണമായി വെട്ടിമാറ്റിയ നിലയിലാണ്. നാദാപുരം കല്ലാച്ചി റോഡുകളിൽ പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള മരങ്ങൾ മോഷണം പോവുന്നത് അടുത്തിടെ പതിവായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കല്ലാച്ചിയിൽ റോഡരികിലെ മരം മുറിച്ച് കടത്തിക്കൊണ്ട് പോയിരുന്നു. പരാതിയിൽ നാദാപുരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.