രേഖകൾ തിരുത്തി ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ
അടൂർ: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ 2016ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണിയാൾ. പുളിക്കീഴ് പൊലീസ് 2015ലെടുത്ത വധശ്രമക്കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യം നേടിയ ശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു. തമിഴ്നാട് സ്വദേശികൾക്കൊപ്പം മുരുകൻ എന്ന പേരിൽ കിടങ്ങറ പാലത്തിനടിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ സഹോദരന്റെ മൊബൈൽ ഫോൺ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടുകാരന്റെ തിരിച്ചറിയൽ രേഖകൾ തിരുത്തി ഐ.ഡി കാർഡുണ്ടാക്കി. മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്തിയും വിരലടയാളം പരിശോധിച്ചുമാണ് പ്രതിയെ ഉറപ്പിച്ചത്. ചോദ്യം ചെയ്യലുകൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്ടർ കെ.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഓമാരായ രഞ്ജു കൃഷ്ണൻ, നിതിൻ തോമസ്, സുധീപ്.എസ്.കുമാർ, അനൂപ്, അലോക്, അരുൺ ദാസ് എന്നിവരാണ് പ്രതിയെ കണ്ടെത്തിയത്.