റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയവർ പിടിയിൽ
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. നിലമ്പൂർ മമ്പാട് വെള്ളത്തൊട്ടിയിൽ വീട്ടിൽ എം. അസ്ലാം (28), കോതമംഗലം ഊന്നുകൽ കൊല്ലംപറമ്പിൽ നോബിൾ ബോസ് (25) എന്നിവരെയാണ് ആലുവ പൊലീസും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ നാലിന് രാത്രി പത്തരയോടെ ആലുവ റെയിൽവെ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന്റെ വടക്കെ അറ്റത്ത് വച്ച് ഒക്കൽ കുളിക്കാടൻ വീട്ടിൽ കമൽ മോഹനനെ ആക്രമിച്ച് മൊബൈൽ ഫോൺ, റിസ്റ്റ് വാച്ച്, 3200 രൂപ എന്നിവ കവരുകയായിരുന്നു. പരാതിയെ തുടർന്ന് സി.സി ടി.വികൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ പുലർച്ചെ 5.20ന് റെയിൽവെ ഗുഡ് ഷെഡിന് സമീപത്ത് നിന്ന് പ്രതികളെ ആർ.പി.എഫ് പിടികൂടുകയായിരുന്നു. മോഷണ വസ്തുക്കൾ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങിയതായി പ്രതികൾ സമ്മതിച്ചു. പുതിയതായി വാങ്ങിയ മൊബൈൽ ഫോണും കഴിഞ്ഞ ഏഴിന് മറ്റൊരു ട്രെയിൻ യാത്രക്കാരനിൽ നിന്ന് കവർന്നെടുത്ത മൊബൈൽ ഫോണും പ്രതികളിൽ നിന്ന് കണ്ടെത്തി. ആർ.പി.എഫ് എസ്.ഐമാരായ കെ.എസ്. മണികണ്ഠൻ, പ്രെയ്‌സ് മാത്യു, എ.എസ്.ഐമാരായ ഫിലിപ്സ് ജോൺ, സിജോ സേവ്യർ, പി.ബി. രഞ്ചൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ ആലുവ പൊലീസിന് കൈമാറി.