കെ.എസ്.ആർ.ടി.സിയിൽ പുതിയ ടിക്കറ്റ് യന്ത്രങ്ങളെത്തി; എവിടെ ചലോ കാർഡുകൾ?
- ചലോ കാർഡുകൾ പ്രവർത്തിപ്പിക്കാനറിയാതെ കണ്ടക്ടർമാർ
തൃശൂർ: തലസ്ഥാനത്തെ പരീക്ഷണത്തിന് ശേഷം മറ്റ് ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്കും ചലോ യാത്രാ കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ടിക്കറ്റ് യന്ത്രങ്ങൾ വിതരണം ചെയ്തെങ്കിലും കാർഡുകൾ ഇപ്പോഴും യാത്രക്കാർക്ക് കിട്ടാക്കനി. ആദ്യം തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തും ഉൾപ്പെടെ പരീക്ഷിച്ച് വിജയിച്ച ശേഷം മറ്റു ജില്ലകളിലേക്കും നടപ്പാക്കാനായാണ് ടിക്കറ്റ് യന്ത്രങ്ങൾ എത്തിച്ചത്. എന്നാൽ, ചലോ കാർഡുകളുടെ വിതരണം തൃശൂർ ജില്ലയിൽ ഉൾപ്പെടെ ഒരിടത്തും തുടങ്ങിയിട്ടില്ല. എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാമെന്ന ഉറപ്പിൽ തെക്കൻ ജില്ലകളിലുള്ളവർ കാർഡ് വാങ്ങിയെങ്കിലും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കണ്ടക്ടർമാർക്ക് ചലോ കാർഡുകൾ കൊടുത്താൽ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് പോലും അറിയില്ല. യാത്രക്കാരുടെ സഹായത്തോടെയാണ് കാർഡിൽ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
തൃശൂർ ജില്ലയിലെ ഏഴ് ഡിപ്പോകളിലായി 200 ഓളം ഷെഡ്യൂളുകൾക്കായി അതിലധികം ടിക്കറ്റ് യന്ത്രങ്ങൾ കണ്ടക്ടർമാർക്ക് കൈമാറിയെങ്കിലും മാള, കൊടുങ്ങല്ലൂർ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് മാത്രമാണ് പരിശീലനം ലഭിച്ചത്. മറ്റ് ഡിപ്പോകളിലെ കണ്ടക്ടർമാരിൽ ചിലർ യൂട്യൂബ് നോക്കി പരിശീലിച്ചാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്.
കാർഡുകൾ സൗകര്യപ്രദം
സീസൺ ടിക്കറ്റ് മാതൃകയിൽ ആർ.എഫ്.ഐ.ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളോടെ ഉപയോഗിക്കാവുന്ന കാർഡിന് നൂറു രൂപയാണ് കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. 250 രൂപ മുതൽ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡിന്റെ കാലാവധി ഒരു വർഷമാണ്.
ചില്ലറ വേണ്ട, യു.പി.ഐ മതി
ചലോ കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ടിക്കറ്റ് മെഷിനിലൂടെ ചില്ലറയില്ലെങ്കിലും യു.പി.ഐ ആപ്പുകൾ വഴി സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാനാകും. കൈയിൽ പണമില്ലെങ്കിലും, ചില്ലറയില്ലെങ്കിലും ടിക്കറ്റ് എടുക്കാനാകുമെന്നത് യാത്രക്കാരും കണ്ടക്ടറും തമ്മിലുള്ള അസ്വാരസ്യം കുറയ്ക്കും. എന്നാൽ, റേഞ്ച് കുറവായ മലയോര പ്രദേശത്തും മറ്റും ടിക്കറ്റ് യന്ത്രം പ്രവർത്തിപ്പിക്കാനാകുമോയെന്നാണ് ആശങ്ക.