മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം, പദയാത്രയ്‌ക്ക് കേന്ദ്രമന്ത്രിമാർ

Monday 09 June 2025 1:11 AM IST

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്നുമുതൽ ഓരോദിവസവും കേന്ദ്രമന്ത്രിമാർ അവരുടെ മണ്ഡലങ്ങളിൽ 20-25 കിലോമീറ്റർ പദയാത്ര നടത്തും. ഓപ്പറേഷൻ സിന്ദൂർ, സർക്കാർ വിജയകരമായി നടപ്പിലാക്കിയ ക്ഷേമപരിപാടികൾ, ജാതി സെൻസസ് നടത്താനുള്ള തീരുമാനം, വഖഫ് ബോർഡ് നിയമഭേദഗതി കൊണ്ടുവന്നതിന്റെ ലക്ഷ്യം തുടങ്ങിയവയെ കുറിച്ച് പ്രധാനമന്ത്രിയും മറ്റു നേതാക്കളും സംസാരിക്കും.

ഏപ്രിൽ 22ന് ന‌ടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വീകരിച്ച സൈനിക നടപടിയെക്കുറിച്ച് പ്രചാരണം നടത്തും. മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ഒരു വർഷത്തിനിടെ നടപ്പാക്കിയ പദ്ധതികളും പരിഷ്‌കാരങ്ങളും അവലോകനം ചെയ്യും.

കഴിഞ്ഞ ദിവസങ്ങളിൽ ബീഹാർ, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ജമ്മുകാശ്‌മീർ, സിക്കിം, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി തിരക്കിട്ട പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചു.

രാജ്യത്തുടന്നീളം ചിതറിക്കിടക്കുന്ന ഒരു കോടിയോളം വരുന്ന കൈയെഴുത്തു പ്രതികളെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഗ്യാൻ ഭാരത് മിഷൻ പദ്ധതി ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. 2024 ജൂൺ ഒമ്പതിനാണ് മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാർ തുടർച്ചയായ മൂന്നാം വട്ടം അധികാരമേറ്റത്.