ബംഗളൂരു ദുരന്തം, മകന്റെ കുഴിമാടത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് പിതാവ്
ബംഗളൂരു: 'ഒരാൾക്കും ഈ ഗതികേട് വരരുത്. എനിക്ക് എവിടേയും പോകണ്ട. ഇവിടെ കിടന്നാൽ മതി.. ' -ആർ.സി.ബിയുടെ ഐ.പി.എൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21കാരന്റെ പിതാവ് ലക്ഷ്മൺ നിലവിളിച്ചു. മകൻ ഭൂമിക് ലക്ഷ്മണന്റെ (21) കുഴിമാടത്തെ കെട്ടിപ്പിടിച്ച് കിടക്കുന്ന ലക്ഷ്മണന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
'ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്. എനിക്ക് മറ്റെവിടെയും പോകേണ്ട, ഇവിടെ നിൽക്കണം' - അദ്ദേഹം നിലവിളിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കഷ്ടപ്പെട്ടു. ഭൂമിക് ഉൾപ്പെടെ 11 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
സഹായം 25 ലക്ഷം രൂപയാക്കി
ബംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ
കുടുംബങ്ങൾക്കുള്ള ധനസഹായം ഉയർത്തി കർണാടക സർക്കാർ. പത്ത് ലക്ഷം രൂപ അപര്യാപ്തമാണെന്ന് ബി.ജെ.പി ഉൾപ്പെടെ വിമർശിച്ചിരുന്നു. ഇതോടെയാണ് 25 ലക്ഷം രൂപയാക്കി ഉയർത്തിയത്.
മുന്നറിയിപ്പ് ലഭിച്ചതായി
റിപ്പോർട്ട്
ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ഡി.സി.പി എം.എൻ കരിബസവണ്ണ
ഇക്കാര്യമറിയിച്ച് പഴ്സനേൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു.
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കുറവ് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.