രാജസ്ഥാനിൽ മഞ്ഞുരുകൽ, ഗെലോട്ടിനെ കണ്ട് സച്ചിൻ പൈലറ്റ്

Monday 09 June 2025 1:20 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ മഞ്ഞുരുകലിന്റെ സൂചന നൽകിക്കൊണ്ട് അശോക് ഗെലോട്ട്- സച്ചിൻ പൈലറ്റ് കൂടിക്കാഴ്‌ച.

പിതാവ് മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ഗെലോട്ടിനെ ക്ഷണിക്കാനാണ് സച്ചിനെത്തിയത്. ഗെലോട്ടിന്റെ വസതിയിൽ കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ബുധനാഴ്ച നടക്കുന്ന പരിപാടിയിലേക്ക് ഗെലോട്ടിനെ ക്ഷണിക്കാൻ മാത്രമാണ് സന്ദർശനമെന്ന് പിന്നീട് മാദ്ധ്യമപ്രവർത്തകരോട് സച്ചിൻ പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

1980ൽ താനും രാജേഷ് പൈലറ്റും ഒരുമിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണെന്നും രാജേഷ് പൈലറ്റിന്റെ മരണത്തിൽ താൻ ഇപ്പോഴും ദുഃഖിതനാണെന്നും ഗെലോട്ട് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.