മഹാരാഷ്‌ട്ര വോട്ട് വിവാദവുമായി വീണ്ടും രാഹുൽ

Monday 09 June 2025 1:21 AM IST

ന്യൂഡൽഹി: കഴിഞ്ഞ കൊല്ലം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം വീണ്ടുമുയർത്തി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിലടക്കം ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ എഴുതിയ ലേഖനം അടിസ്ഥാനരഹിതമാണെന്ന് കമ്മിഷൻ വിശദീകരിച്ചിരുന്നു. എങ്കിൽ ഏകീകൃത ഡിജിറ്റൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ രാഹുൽ കമ്മിഷനെ വെല്ലുവിളിച്ചു.

കമ്മിഷന് ഒന്നും മറച്ചു വരക്കാനില്ലെങ്കിൽ, തന്റെ ലേഖനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അത് തെളിയിക്കുക. മഹാരാഷ്ട്ര ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലേക്കും പുതിയ തിരഞ്ഞെടുപ്പുകൾക്കായി ഏകീകൃത, ഡിജിറ്റൽ, യന്ത്ര സഹായത്തോടെ വായിക്കാൻ പറ്റുന്ന വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക-രാഹുൽ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളിൽ നിന്ന് വൈകുന്നേരം 5 മണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടാനും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ ഏകദേശം 41 ലക്ഷം വോട്ടർമാരുടെ അപ്രതീക്ഷിത വർദ്ധനവുണ്ടായെന്ന ആരോപണമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. ആരോപങ്ങൾക്ക് തെളിവില്ലെന്ന് കമ്മിഷൻ പ്രതികരിച്ചു. 2024 ഡിസംബർ 24 ന് വെബ്‌സൈറ്റിൽ വിശദീകരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തെ അനാദരിക്കലും സ്വന്തം പാർട്ടിയുടെ ജനപ്രതിനിധികളിൽ അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്. ലക്ഷക്കണക്കിന് തിരഞ്ഞെടുപ്പ് ജീവനക്കാരെ ഇത് നിരുത്സാഹപ്പെടുത്തും. വോട്ടർമാർ പ്രതികൂലമായി വിധിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നത് അസംബന്ധമാണെന്നും കമ്മിഷൻ വിശദീകരിച്ചു.